
കൊച്ചി: അൻസിബ ഹസന്റെ പരാതിയിൽ മൊഴിയെടുക്കുന്നതിന് ഹാജരാകാൻ നടി ലക്ഷ്മിപ്രിയയോട് പൊലീസ് ആവശ്യപ്പെട്ടു. ലക്ഷ്മിപ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ സെൽ എസ്.ഐ രേഷ്മയും ചേർന്ന് അധിക്ഷേപിച്ചെന്ന പരാതിയിൽ അൻസിബ ഇന്ന് രാവിലെ മൊഴി നൽകിയിരുന്നു. തൃക്കാക്കര എ.സി.പി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്. നടിയിൽ നിന്നും എസ്.ഐയിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. തിങ്കളാഴ്ച രാവിലെ 11. 30ന് ഹാജരാകാനാണ് ലക്ഷ്മിപ്രിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പൊലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എ.സി.പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് അൻസിബ മൊഴി നൽകിയത്. മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളെ കണ്ട അൻസിബ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ തീരുമാനിക്കൂ എന്നും അൻസിബ അറിയിച്ചു.
അതേസമയം വിവാദങ്ങൾക്കിടെ തിങ്കളാഴ്ച മുതൽ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ നാല് പേർക്ക് ഷോ കോസ് നോട്ടീസ് നൽകിയിട്ടുണ്ട്. പിന്നാലെയാകും താര സംഘടനയുടെ നിലപാട് അറിയിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |