SignIn
Kerala Kaumudi Online
Tuesday, 02 June 2026 12.56 PM IST

യുവ മോഡലിന്റെ മുങ്ങിമരണം; നിരോധിതമേഖലയിൽ എങ്ങനെ ഷൂട്ടിംഗ് സംഘം എത്തി? സംഭവത്തിൽ ദുരൂഹത

divyanshu-joshi

കൊച്ചി: പരസ്യചിത്ര ഷൂട്ടിംഗിനായി കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാന മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണവും കഴിഞ്ഞദിവസം മോഡലിന്റെ ബ്രാൻഡ് ഡൽഹിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പും തമ്മിൽ പൊരുത്തക്കേടുണ്ട്.

ഡൽഹി സ്വദേശിയായ ദിവ്യാൻഷു ജോഷിയാണ് (26) മരിച്ചത്. കുറുപ്പംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടമല പാറമടയിലായിരുന്നു അപകടം. നിരോധിത മേഖലയിൽ അതിക്രമിച്ചുകയറിയതിനെ തുടർന്നാണ് അപകടമുണ്ടായതെങ്കിലും ഡൽഹിയിൽ നിന്നുള്ള സംഘത്തെ അവിടെ എത്തിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

കഴിഞ്ഞമാസം 28നാണ് യുവ മേഡലും രാജ്യാന്തര ഫാഷൻ ബ്രാൻഡ് 'കാർത്തിക് റിസർച്ചി'ന്റെ ഉടമയും ഡിസെെനറുമായ കാർത്തിക് കുമരയും ഉൾപ്പെട്ട സംഘം കേരളത്തിലെത്തിയത്. പ്രാദേശിക ഏകോപന ചുമതലയുള്ള കൊച്ചിയിലെ റബർബ്രാൻഡ് പ്രോഡക്ഷൻസിന്റെ നേതൃത്വത്തിലായിരുന്നു പെട്ടമല സന്ദർശനമെന്നും പൊലീസ് പറഞ്ഞു. എന്നാൽ സംഘത്തിലെ മറ്റുള്ളവർ എത്തും മുൻപേ ദിവ്യാൻഷു പാറമടയിൽ ഇറങ്ങിയെന്നും അപകടത്തിൽപെടുകയായിരുന്നെന്നും കോടനാട് പൊലീസ് പറയുന്നു.

എന്നാൽ അപകടസമയത്ത് ഡിസെെനറും ഡയറക്ടറും ഫോട്ടോഗ്രഫറും ഉൾപ്പെടെയുള്ള സംഘം സമീപം ഉണ്ടായിരുന്നതായി ബ്രാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. ദിവ്യാൻഷു മുങ്ങുന്നത് കണ്ടെങ്കിലും അടുത്തുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ സഹായിച്ചില്ലെന്നും ഡിസെെനർ കാർത്തിക് ഓടിയെത്തി വെള്ളത്തിലിറങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ഈ വെെരുദ്ധ്യം മോഡലിന്റെ മരണത്തിൽ ഉൾപ്പടെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അപകടസാദ്ധ്യതയുള്ള പ്രദേശത്ത് സ്ഥലപരിചയമില്ലാത്ത സംഘത്തെ എത്തിച്ചതിന് പിന്നിലെ അനാസ്ഥ പൊലീസ് അവഗണിക്കുകയാണെന്നാണ് ആരോപണം. സംഭവത്തിൽ ഫാഷൻ രംഗത്തും മോഡലുകൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODEL, DEATH, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA