SignIn
Kerala Kaumudi Online
Tuesday, 02 June 2026 1.47 PM IST

പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞത് നടത്തണമെന്ന് ബാലഗോപാൽ; ആദ്യം മുൻ സർക്കാരിന്റെ കടം തീർക്കട്ടെയെന്ന് വി ഡി

READ ENGLISH VERSION
vd-satheesan

തിരുവനന്തപുരം: പുതിയ നിയമസഭയിൽ പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണത്തെത്തുടർന്ന് സ്‌പീക്കർ തള്ളി. സഭ നിർത്തിവച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്നും കുറച്ച് കഴിഞ്ഞിട്ട് തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

'പശ്ചിമേഷ്യൻ സംഘർഷമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. വിപണി ഇടപെടൽ നടത്തുന്നതിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 3000 കോടി രൂപ സിവിൽ സപ്ലൈസ് കോർപ്പറേഷന് കൊടുക്കാൻ കടം ബാക്കിവച്ചാണ് ഇടതുസർക്കാർ പോയത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ് കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടേണ്ട ഏജൻസി. ആ കടം കൊടുത്താൽ മാത്രമേ സിവിൽ സപ്ലൈസ് കോർപ്പറേഷന് മാർക്കറ്റിൽ ഇടപെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ പറ്റൂ. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുകയാണ്. ധനസ്ഥിതി സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകും' - വി ഡി സതീശൻ പറഞ്ഞു.

കെ എൻ ബാലഗോപാലാണ് അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശൻ ശബ്‌ദമുയർത്തിയതും നാട്ടിൽ സമരം നടത്തിയതും സംസ്ഥാന നികുതി കുറയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. അങ്ങനെ പറഞ്ഞ ഒരാളെന്ന നിലയിൽ വർധിച്ച അധികനികുതി സംസ്ഥാനത്തിന് കിട്ടുന്നത് കുറച്ചു കൊടുക്കുന്നത് ജനങ്ങളോടുള്ള മര്യാദയാണ്. അത് സംബന്ധിച്ചുള്ള നിലപാട് മുഖ്യമന്ത്രി പറയണം. കണക്ക് കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതിനാണ് വിഡി സതീശൻ മറുപടി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN, NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA