SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.26 PM IST

മുൻഡ്രൈവർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

hc

കൊച്ചി: വ്യാജ പുരാവസ്തു ത‌ട്ടിപ്പുകേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെതിരെ മൊഴി നൽകിയതിന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് നൽകിയ ഹർജിയിൽ മുൻ ഡ്രൈവർ ഇടുക്കി കരുണാപുരം സ്വദേശി ഇ.വി. അജിത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജിയിൽ ഡി.ജി.പിയെ കക്ഷി ചേർക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ അനുമതി നൽകി.

മോൻസണെതിരെ ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻ പിള്ള നൽകിയ ആറു കോടി രൂപയുടെ തട്ടിപ്പു കേസിൽ ആഗസ്റ്റ് എട്ടിന് അജിത് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുമ്പാകെ മൊഴി നൽകിയിരുന്നു. അതിനു ശേഷം മോൻസന്റെ ആളുകൾ തന്നെ ഫോണിൽ വിളിച്ച് കേസിൽ കുടുക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു.

മോൻസൺ നൽകിയ കേസിൽ ആഗസ്റ്റ് പത്തിന് സ്റ്റേഷനിൽ ഹാജരാകാൻ ചേർത്തല സി.ഐയും എറണാകുളം ടൗൺ നോർത്ത് സി.ഐയും ആവശ്യപ്പെട്ടു. ഒരേസമയം ഹാജരാകാനാവില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആഗസ്റ്റ് 11 നാണ് അജിത് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സമീപദിവസങ്ങളിലെ സംഭവങ്ങളെത്തുടർന്ന് ഹർജിക്കാരന്റെ ആരോപണങ്ങൾക്ക് പുതിയ മാനം ലഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മോൻസണെതിരെ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഹർജിക്കാരന്റെ ആരോപണങ്ങളെക്കുറിച്ച് ഡി.ജി.പി ഉൾപ്പെടെ പൊലീസ് അധികൃതർ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഡി.ജി.പിയെ കക്ഷി ചേർക്കാൻ അനുമതി നൽകിയത്.

മോൻസണുമായി പരിചയം 2009 മുതൽ

ഇറക്കുമതി ചെയ്ത കാറുകളുടെ അറ്റകുറ്റപ്പണി ചെയ്തിരുന്ന അജിത് 2009 മുതൽ 2021 ജനുവരി വരെ മോൻസണൊപ്പമുണ്ടായിരുന്നു. മോൻസണ് ഇറക്കുമതി ചെയ്ത 13 കാറുകളുണ്ടായിരുന്നെന്നും ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് മോൻസൺ തന്നെ ഒപ്പംകൂട്ടിയത്. ഡ്രൈവറും മെക്കാനിക്കുമായി ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്നു. പലയാളുകളിൽ നിന്നായി പണം തട്ടിയിരുന്ന ഇയാൾ യോഗ്യതയുള്ള ഡോക്ടറല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പഴയ കാറുകൾ വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി പുതിയ മോഡലാക്കി അവതരിപ്പിക്കുകയാണ് ചെയ്തിരുന്നത്. താനടക്കം മോൻസണൊപ്പം ജോലി ചെയ്യുന്നവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. മോൻസന്റെ മേൽവിലാസവും ഫോൺ നമ്പരുമാണ് ബാങ്കിൽ നൽകിയിരുന്നതെന്നതിനാൽ അക്കൗണ്ടുകൾ വഴി നടത്തിയ ഇടപാടുകളെക്കുറിച്ച് അറിവില്ലെന്നും ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA