തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചു. മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് നിയമനത്തിന് സാധുതയായത്. കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗമാണ് എൻ. ശേഷാദ്രിനാഥന്റെ പേര് ശുപാർശ ചെയ്തത്. മുൻ ജില്ലാ ജഡ്ജിയാണ്. വിരമിച്ച ജഡ്ജിയായതിനാൽ നിയമനത്തിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമില്ല.
കഴിഞ്ഞ മാർച്ച് 11ന് പിണറായി സർക്കാർ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായ കെ.ജി. സനൽകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറാക്കാൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ലഭിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 26നാണ് സനൽകുമാറിന്റെ നിയമനത്തിനുള്ള ഹൈക്കോടതി അനുമതി ലഭിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നടപടി ഗവർണർ അംഗീകരിച്ചില്ല.
എന്നാൽ എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്റെ നിയമനത്തിൽ സാങ്കേതിക പ്രശ്നങ്ങളോ പരാതികളോ ഇല്ല. അതിനാൽ ഗവർണർ അനുമതി നൽകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ആയാണ് ശേഷാദ്രിനാഥൻ വിരമിച്ചത്.
അതേസമയം, ശേഷാദ്രിനാഥന്റെ നിയമനത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസാണ് പ്രധാനമായും എതിർപ്പ് ഉന്നയിച്ചത്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ഒരു വിഭാഗം നിയമനത്തെ എതിർത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |