SignIn
Kerala Kaumudi Online
Friday, 16 October 2026 1.11 PM IST

വെള്ളാപ്പള്ളിയുടേത് സുവർണ്ണ ലിപികളിൽ എഴുതിയ പേര് :കേന്ദ്ര മന്ത്രി വി. മുരളീധരൻ

nateshan

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട പേരാണ് വെള്ളാപ്പള്ളി നടേശന്റേതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രിവി. മുരളീധരൻ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. ഗുരുദേവനും യോഗവും നൽകിയ സംഭാവനകൾ മറന്ന് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രമെഴുതാൻ സാദ്ധ്യമല്ല. . സനാതന ധർമ്മ മൂല്യങ്ങൾ കൈവിടാതെ സ്വന്തം മതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശിവനെ പ്രതിഷ്ഠിച്ചയാളാണ് ശ്രീനാരായണ ഗുരുദേവൻ. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ ഒരുമിച്ചുകൊണ്ടു പോകാൻ വെള്ളാപ്പള്ളി നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. കാര്യങ്ങൾ തുറന്നുപറയാനുള്ള വെള്ളാപ്പള്ളിയുടെ ചങ്കൂ​റ്റം എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്​റ്റിനെയും നേട്ടങ്ങളുടെ നെറുകയിലെത്തിച്ചെന്നും മുരളീധരൻ പറഞ്ഞു.

വെള്ളാപ്പള്ളിയുടേത് അപൂർവ

ബഹുമതി: കോടിയേരി

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ അപൂർവ ബഹുമതിയാണ് കൈവരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംഘടനാപരമായ മികവും ജനങ്ങളോടുള്ള പെരുമാറ്റവും വെള്ളാപ്പള്ളിക്ക് ജനഹൃദയങ്ങളിൽ സ്ഥാനവും ആദരവും നേടിക്കൊടുത്തു. ഗുരു മുന്നോട്ടുവച്ച ആശയങ്ങൾ പ്രാവർത്തികമാക്കാൻ എസ്.എൻ.ഡി.പി യോഗം ഇടപെടേണ്ട കാലഘട്ടമാണിത്. മതനിരപേക്ഷത നിലനിറുത്താൻ യോഗ നേതൃത്വവും പ്രവർത്തകരും മുൻകൈയെടുക്കണമെന്നും കോടിയേരി പറഞ്ഞു.

ലോകത്തിന്റെ ആദരവ്

പിടിച്ചുപറ്റി: കെ. സുരേന്ദ്രൻ

രാഷ്ട്രീയത്തിൽ ഇല്ലാതെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അപൂർവം നേതാക്കൾക്ക് മാത്രമാണ് ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുള്ളതെന്നും,. അതിൽ പ്രമുഖ സ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ളതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയിൽ കരുത്തുറ്റ സാമൂഹിക പ്രസ്ഥാനമായി യോഗത്തെ വെള്ളാപ്പള്ളി മാറ്റിത്തീർത്തു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിർഭയമായി തുറന്നു പറയാൻ ആർജ്ജവമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.

അസാമാന്യ ധൈര്യം:

മന്ത്രി പി. പ്രസാദ്

വെള്ളാപ്പള്ളി നടേശനെ 25 വർഷം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് നിലനിറുത്തിയത് അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ വെള്ളാപ്പള്ളിക്ക് ഒരു ഭയവുമില്ല. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അതിർ വരമ്പുകൾ കടന്ന് യോഗത്തെ ശക്തമായി മുന്നോട്ട് നയിക്കാൻ വെള്ളാപ്പള്ളിക്ക് ഇനിയും ദീർഘകാലം കഴിയുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA