SignIn
Kerala Kaumudi Online
Monday, 14 September 2026 10.13 AM IST

കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് അന്തരിച്ചു

kv-vijayadas

പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എം.എൽ.എയുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കൊവിഡ് ബാധിതനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ചയിലധികമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവംബർ 28നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളെ തുടർന്ന് ഡിസംബർ 12 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒന്നരവർഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു.

എലപ്പുള്ളി തേനാരി കാക്കത്തോട് വീട്ടിൽ കർഷക തൊഴിലാളികളായ കെ.വേലായുധന്റെയും എ.താതയുടെയും മകനായി 1959 മേയ് 25നാണ് ജനനം. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ് (എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി), സന്ദീപ് (എം.ബി.എ വിദ്യാർത്ഥി). സഹോദരങ്ങൾ: മോഹൻദാസ്, ശൈലജ, പത്മജ, ഗിരിജ, പരേതയായ ജലജ.

കർഷക സംഘം ജില്ലാ പ്രസിഡന്റ് കൂടിയായ കെ.വി.വിജയദാസ് 2011 മുതൽ തുടർച്ചയായി രണ്ടുതവണ കോങ്ങാട് മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന 1996ൽ ആദ്യ പ്രസിഡന്റായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA