
കൊച്ചി: 10 മാസമായി ഓംബുഡ്സ്മാനില്ല. തദ്ദേശസ്വയംഭരണ വകുപ്പിൽ അഴിമതിയും കെടുകാര്യസ്ഥയും ആരോപിച്ചുള്ള പരാതികൾ കുമിഞ്ഞുകൂടുന്നു. അടിയന്തര പ്രാധാന്യമുള്ളതുൾപ്പെടെ 4,000ലേറെ പരാതികളാണ് തീർപ്പുകല്പിക്കാതെ കിടക്കുന്നത്.
2025 ആഗസ്റ്റ് 31ന് ജസ്റ്റിസ് പി.ടി.രാജൻ മരണപ്പെട്ടതോടെ ഒഴിവുവന്ന തസ്തികയിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ഒരു പേര് ശുപാർശ ചെയ്തിരുന്നെങ്കിലും ഗവർണർ അനുമതി നൽകിയില്ല. യു.ഡി.എഫ് സർക്കാരും ഓംബുഡ്സ്മാൻ നിയമനത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
അതേസമയം, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയ്ക്കുടെയും പരാതികൾ ഇ- മെയിലിലും തപാലിലും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരന് പണച്ചെലവ് ഇല്ലെന്നതും വീട്ടിലിരുന്നും ഓൺലൈൻ സിറ്റിംഗിൽ ഹാജരായി തെളിവ് നൽകാമെന്നതുമാണ് ഓംബുഡ്സ്മാൻ സംവിധാനത്തിന്റെ പ്രത്യേകത. ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള ചെയർമാന്റെ ഔദ്യോഗിക കാലാവധി മൂന്ന് വർഷമാണ്.
തുടക്കത്തിലെ
ശുഷ്കാന്തി കുറഞ്ഞു
തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, ഭരണ വൈകല്യങ്ങൾ, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിനുമായി 2000 മേയ് 29നാണ് ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം വഹിക്കുന്ന ചെയർമാൻ ഉൾപ്പെടെ 7 അംഗ ഓംബുഡ്‌സ്മാൻ സംവിധാനം നിലവിൽ വന്നത്. തൊട്ടടുത്ത വർഷം മുതൽ ഇത് ഏകാംഗ കമ്മിഷനാക്കി. ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ള ഓംബുഡ്സ്മാൻ മാത്രമായി.
ഓൺലൈൻ സിറ്റിംഗ്
2021- 24 കാലത്ത് ചെയർമാൻ ആയിരുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥനാണ് ഓൺലൈൻ സിറ്റിംഗിന് തുടക്കമിട്ടത്. ഇത് പരാതിക്കാർക്ക് ഏറെ സഹായകമായിരുന്നു.
ജനങ്ങൾക്ക് ഉപകാരമുള്ള സംവിധാനമാണിത്. എന്റെ ഭൂമി ഞാനറിയാതെ പൊതുവഴിയാക്കിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ നഷ്ടപരിഹാരമായി ഒരു വർഷം മുമ്പ് അടച്ച പിഴ 25,000 രൂപ ഓംബുഡ്സ്മാൻ ഇല്ലാത്തതിനാൽ ലഭിച്ചിട്ടില്ല.
- ബാബു സുരേഷ്, പള്ളുരുത്തി,
പരാതിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |