SignIn
Kerala Kaumudi Online
Friday, 29 May 2026 9.24 PM IST

'5429 കോടി രൂപ ഖജനാവിലുണ്ട്, കേരളത്തിന്റെ സാമ്പത്തികനില അപകടത്തിലല്ല'; നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

pinarayi-vijayan

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് സ്വീകരിച്ചിരിക്കുന്ന സമീപനത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമുണ്ടായില്ല. പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. കേന്ദ്രത്തിൽ നിന്ന് ചോദിച്ചുവാങ്ങേണ്ട കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് സർക്കാർ മൗനം പാലിച്ചുവെന്നും പിണറായി വിജയൻ വിമർശിച്ചു.

സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെടാനാണ് ഇത് ഇടയാക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനത്തിനായി 2035 വരെയുള്ള ബ്ളൂപ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചിരുന്നു. അതിനെക്കുറിച്ചുള്ള ഒരു സൂചനപോലും നയപ്രഖ്യാപനത്തിലില്ല. ഒട്ടേറെ പ്രയോജനകരമായ പദ്ധതികളുണ്ടായിരുന്നു. അതിനെക്കുറിച്ചും പരാമർശമുണ്ടായില്ല.

'റിസർവ് ബാങ്ക് അംഗീകരിച്ച കണക്കുകൾ പ്രകാരം 5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നിറങ്ങിയത്. എന്നാലത് മറച്ചുവച്ച് ശരിയല്ലാത്ത ആഖ്യാനങ്ങൾ സ‌ൃഷ്ടിക്കാനാണ് നയപ്രഖ്യാപനത്തിൽ ശ്രമിച്ചത്. കേന്ദ്രസാമ്പത്തിക നയങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടപ്പെടാം.

പ്രകടനപത്രികയിലുണ്ടായിരുന്ന വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണിത്. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന പൊതുസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തെ ഒരു പുതുയുഗത്തിലേയ്ക്ക് ആനയിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അതിനുള്ള സാമ്പത്തിക, സാമൂഹിക റൂട്ട് മാപ്പ് നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല.

പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല ഉണ്ടായത്. കിഫ്‌‌ബി, കുടുംബശ്രീ തുടങ്ങിയവയെക്കുറിച്ച് മൗനം പാലിച്ചു. ഇവയോടുള്ള സമീപനം വ്യക്തമല്ല. നാടിന്റെ പരമ്പരാഗത വ്യവസായ മേഖല, പ്രവാസി മേഖല എന്നിവയെക്കുറിച്ചും നയപ്രഖ്യാപനത്തിൽ വേണ്ടത്ര പരാമർശിച്ചില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച അവസ്ഥയിലാണ്. ഇതിൽ സർക്കാരിന്റെ നിലപാടും പരാമർശിച്ചിട്ടില്ല.

ധവള പത്രത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ ധനകാര ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാരിനുള്ളത്. അതിനെക്കുറിച്ചും പരാമർശമില്ല. കേന്ദ്രസ‌ർക്കാരിന്റെ സാമ്പത്തിക നയങ്ങളെ പേരിനുപോലും പരാമർശിക്കുന്നില്ല. പശ്ചിമേഷ്യൻ യുദ്ധം നാടിനെ വലിയതോതിൽ ബാധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പ്രശ്നങ്ങൾ മറിക‌ടക്കാനുള്ള നയങ്ങളോ സ‌ർക്കാരിന്റ മുൻഗണനയായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയടക്കം സമീപനത്തെക്കുറിച്ചും വിമർശനമില്ല. മോദി പ്രഖ്യാപിച്ച ബ്ളൂ എക്കണോമി ആണോ ഇവിടെ പിന്തുടരുന്നതെന്നതിലും വ്യക്തതയില്ല.

റെയർ എർത്ത് ഖനനം സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുകയാണ്. അതിനെതിരെ ഒരു വാക്കും പ്രസംഗത്തിലില്ലായിരുന്നു. കേരളത്തിന്റെ സാമ്പത്തിക നില അപകടത്തിലാണെന്ന് വരുത്താനുള്ള ശ്രമം കാണുന്നു. സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അഞ്ച് ശതമാനത്തിലധികം കുറയുകയാണുണ്ടായത്. 2021ൽ 39 ശതമാനമായിരുന്നത് 2026 ആയപ്പോൾ 34 ശതമാനത്തിൽ താഴെയായി. ഏറ്റവും മികച്ച ധനദൃഢീകരണമാണ് കേരളത്തിൽ നടന്നത്. ധവളപത്രം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. ഏത് സാമ്പത്തിക വെല്ലുവിളികളും ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയത്.

എൽഡിഎഫ് സർക്കാരിന് ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്ഷേമപ്രവർത്തനങ്ങൾ നടന്നു. അതിന്റെ തുടർച്ച ഉറപ്പുവരുത്തുക പ്രധാനമാണ്. അത്തരമൊരു കാഴ്‌ചപ്പാട് നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. സർക്കാരിന്റെ തുടക്കമാണ്. ഇനിയും സമയമുണ്ട്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് പരിപാടിക്കും സർക്കാരിന് പിന്തുണ നൽകും. ഇതിന് എതിരായുള്ള കാര്യങ്ങൾ എതിർക്കുകയും ചെയ്യും'- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, POLICY SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA