SignIn
Kerala Kaumudi Online
Friday, 31 July 2026 11.06 AM IST

കാർ ഓടിച്ചത് അമിതമായ മദ്യലഹരിയിൽ; യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല

pattur-car-accident
കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് വാഹനങ്ങളിൽ പരിശോധന നടത്തുന്ന ഫോറൻസിക് ഉദ്ധ്യോഗസ്ഥർ

തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം വൈകിട്ട് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് മച്ചേൽ ഉദയാനിവാസിൽ പ്രശാന്ത് കുമാറിന്റെ (45) അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല. സെമിത്തേരിയിലേക്ക് തെറിച്ചുവീണ വലതുകാലിന്റെ തുടയ്ക്ക് താഴെയുള്ള ഭാഗം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കൽ സാദ്ധ്യമായില്ലെന്ന് കിംസ് ആശുപത്രി അധികൃതർ പറഞ്ഞു.

നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. വിമാനത്താവളത്തിൽ ബില്ലിംഗ് ക്ലാർക്കായ പ്രശാന്ത്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അതേസമയം അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർത്ഥ് ശിവനെയും ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനന്തകൃഷ്ണനേയും റിമാൻഡ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ അമിതമായി മദ്യപിച്ചിരുന്നെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി. അപകടം നടന്ന സമയത്ത് കാറിൽ ഒഴിഞ്ഞ മദ്യക്കുപ്പികളടക്കം കണ്ടെത്തിയിരുന്നു.

അപകടസ്ഥലത്ത് ഫോറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. അപകടമുണ്ടാക്കിയ കാർ,തകർന്ന ഓട്ടോ, ബൈക്ക് എന്നിവ പരിശോധിച്ചു. ബുധനാഴ്ച വൈകിട്ട് 6.30ഓടെ പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. ജനറൽ ആശുപത്രി ഭാഗത്തുനിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാർ വളവ് കഴിഞ്ഞയുടൻ നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡർ തകർത്ത് പാഞ്ഞ കാർ ആദ്യം എതിർദിശയിൽ വരികയായിരുന്ന പ്രശാന്ത് കുമാറിന്റെ ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചാണ് നിന്നത്.

കാൽ നഷ്ടമായ പ്രശാന്തിനേയും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന പരിക്കേറ്റവരെയും മൂന്ന് ആംബുലൻസുകളിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാൽ മുറിഞ്ഞ് തെറിച്ചുപോയെന്ന് ഓടിക്കൂടിയവരോട് പ്രശാന്താണ് വിളിച്ചുപറഞ്ഞത്. തുടർന്ന് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സെമിത്തേരിയിൽ നടത്തിയ തെരച്ചിലിലാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇത് മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

English Summary

A bike rider, Prashanth Kumar (45), injured in a high-speed car crash in Pattoor, Thiruvananthapuram, had his severed leg unable to be reattached and remains on ventilator support. The car driver, Sidharth Sivan, and passenger, Ananthakrishnan, were remanded, charged with attempted culpable homicide. Medical examination confirmed they were heavily intoxicated, and empty liquor bottles were found in the vehicle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATTUR CAR ACCIDENT, DRUNK DRIVING KERALA, PATTUR APAKADAM, MADYALAHARI ACCIDENT, KERALA ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA