
തിരുവനന്തപുരം: കരിമണൽ കമ്പനിയുമായുള്ള മാസപ്പടി, ഹവാല, അഴിമതിക്കേസുകളിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് വിജിലൻസ് രണ്ട് എസ്.ഐ.ടികൾ രൂപീകരിച്ചു. പിണറായി വിജയന് ഒന്നാം പ്രതിയായ കേസ് എസ്.പി ഇ.എൻ. സുരേഷ്, ഡിവൈ.എസ്.പിമാരായ ജയകുമാർ, ആർ.ഷാബു, ഇൻസ്പെക്ടർമാരായ വി.രതീഷ്, എസ്.അനീഷ് കുമാർ എന്നിവർ അന്വേഷിക്കും.
മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി ബാലകൃഷ്ണൻ, ഡിവൈ.എസ്.പിമാരായ സി.എസ്.ഹരി, എം.പി.രാജേഷ്, സി.ശിവപ്രസാദ്, ഇൻസ്പെക്ടർമാരായ ശംഭുനാഥ്, പി.കെ.ജിജേഷ് എന്നിവർ അന്വേഷിക്കും. വിജിലൻസിന്റെ സൈബർ സെല്ലിന്റെ സഹായമുണ്ടാവും. ഡി.ഐ.ജി തോംസൺ ജോസിനാണ് മേൽനോട്ടം. രണ്ട് കാലയളവിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻമന്ത്രി മുഹമ്മദ് റിയാസിനെയും ഒന്നാം പ്രതികളാക്കി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും വീണാ വിജയൻ രണ്ടാം പ്രതിയാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് കേസുമെടുത്തത്.
അപ്പീലിൽ അനുമതി: ഇന്ന് തീരുമാനം
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും നൽകിയ ഉപഹർജികളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. സിംഗിൾബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി അടക്കമുള്ളവർ കക്ഷിയല്ലാത്തതിനാൽ ഫയലിൽ സ്വീകരിക്കണമെങ്കിൽ കോടതിയുടെ തീരുമാനമുണ്ടാകണം.
ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇന്ന് ആദ്യ കേസായെടുക്കും. സി.എം.ആർ.എൽ എക്സാലോജിക് ഇടപാടിൽ ഇ.ഡി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവും തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസും റദ്ദാക്കണമെന്നാണ് അപ്പീലുകളിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |