SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.17 AM IST

ഫെഡറൽ തത്വം നിലനിറുത്തിയാലേ രാഷ്ട്രസ്വപ്നം സഫലമാവൂ:മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: ഫെഡറൽ തത്വങ്ങൾ നിലനിറുത്തി മാത്രമേ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ഈ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുകയെന്നതു പ്രധാനമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായിമാറുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫെഡറൽ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറയാണ്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കുള്ള സമ്പത്ത് ലഭിക്കുമ്പോൾ മാത്രമേ ഇതിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചേരൂ.

എങ്കിൽ മാത്രമേ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ സമീപനങ്ങൾ പ്രാവർത്തികമാകൂ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരിന്റെ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്.

ഐ.ടി, സ്റ്റാർട്ടപ്പ് മേഖലയിൽ നാം പുരോഗതിയുടെ പാതയിലാണ്. ഈ മേഖലയിൽ ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. പശ്ചാത്തല സൗകര്യമാണ് എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി വഴിയുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നത്.

നാടിനുചേർന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണം. ഇ-വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. പ്രളയത്തിൽ തകർന്നുപോയ കേരളത്തെ പ്രകൃതിസൗഹൃദമാക്കാനുള്ള ഇടപെടലാണ് റീബിൽഡ് കേരള പദ്ധതിയിലൂടെ ലക്ഷ്യം.

സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, തിരുവനന്തപുരം ജില്ലയിൽനിന്നുള്ള എം.പിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA