
തിരുവനന്തപുരം:ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്' നൂറാംദിനമാകുമ്പോൾ 10,256 കേസുകളിലായി 11,085 പേർ അറസ്റ്റിൽ. 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാനകണ്ണികളെ കണ്ടെത്താനും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലും പരിശോധനകളുണ്ട്. ലഹരിമുക്തി ആഗ്രഹിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് തൂഫാൻകെയർ പദ്ധതികളുമുണ്ട്. പത്തുലക്ഷത്തോളം ആളുകൾ തൂഫാൻ വാറിയർമാരായി. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ വിപണിമൂല്യം 25 മുതൽ 30 കോടി രൂപ വരെയാണ്.
മഞ്ചേരി പൊലീസ് കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എ പിടികൂടിയത് പ്രധാന ലഹരി വേട്ടകളിലൊന്നായിരുന്നു. ആലുവയിൽ 34 കിലോ കഞ്ചാവും, റെയിൽവേ പൊലീസ് 40 കിലോ കഞ്ചാവും പിടികൂടി. സുൽത്താൻബത്തേരിയിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 64 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പാലക്കാട് പന്നിയങ്കരയിൽ 46 ഗ്രാം എം.ഡി.എം.എയും പിടികൂടി. തൃശൂരിൽ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ്കൃഷി നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തതും കഞ്ചാവ് ശേഖരം കണ്ടെത്തിയതും നിർണായക നടപടികളായി.
നൂറാം ദിനത്തോടനുബന്ധിച്ച് രണ്ടാംഘട്ടവും തുടങ്ങും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, കുടുംബശ്രീമിഷൻ, അംഗീകൃതസാമൂഹിക ആരോഗ്യ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ഹരിതകർമ്മസേന, പ്രാദേശികക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ, അയൽക്കൂട്ടങ്ങൾ എന്നിവയുമായി സഹകരിച്ചാണിത്. 25നകം 1,034 വാർഡുകളിൽ കുറഞ്ഞത് 10 അംഗങ്ങളുള്ള 'തൂഫാൻ കമ്മിറ്റികൾ' രൂപീകരിക്കും. 28ന് തദ്ദേശ സ്ഥാപനങ്ങളിൽ 'തൂഫാൻപതാകകൾ' ഉയർത്തും. പ്രാദേശിക തലത്തിൽ നോഡൽതൂഫാൻ യോദ്ധാക്കളെ തിരഞ്ഞെടുത്ത് തൂഫാൻ ബാഡ്ജുകൾ നൽകും. ഒക്ടോബർ 30-നകം ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലുമായി 21,000 വാർഡുകളിൽ 'തൂഫാൻ ഗ്രാമസഭകൾ' നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |