SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.38 AM IST

ഡോ.ടി.അനിതകുമാരി അന്തരിച്ചു

READ ENGLISH VERSION
dr-anitha

കോഴിക്കോട്: തിരുവനന്തപുരം സ്വദേശിയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ.ടി.അനിത കുമാരി (63) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് എം.വി.ആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. കാലിക്കറ്റ് സർവകലാശാലയിൽ കൊമേഴ്സ് വിഭാഗം അസി.പ്രൊഫസറായ മകൾ ഡോ.അപർണയുടെ, തേഞ്ഞിപ്പലത്തുള്ള ഹൈറൈസ് വില്ലയിലായിരുന്നു മൂന്നു വർഷമായി താമസം. മുൻപ് തിരുവനന്തപുരം ഡി.പി.ഐ ജംഗ്ഷൻ അലയൻസ് ടവറിലായിരുന്നു. 1988 മുതൽ വിവിധ എസ്.എൻ കോളേജുകളിൽ അദ്ധ്യാപികയായിരുന്നു.

2015 മുതൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പ്രൊഫസറും സാഹിത്യ ഫാക്കൽറ്റി ഡീനുമായി. 2018 മുതൽ കുറച്ചുകാലം രജിസ്ട്രാറുടെ ചുമതലയും നിർവഹിച്ചു. 2019 മുതൽ ജർമ്മനിയിലെ ട്യൂബിൻഗൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട് ചെയർ ഹോൾഡറും വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. 2004 മുതൽ 2012 വരെ ഫിലിം സെൻസർ ബോർഡ് അംഗമായി. 2007ൽ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, 2007ൽ മികച്ച ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്‌കാരം എന്നിവ ലഭിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി.

'കവിത പൂക്കും കാട്' എന്ന പേരിൽ സുഗതകുമാരിയെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു. കവിത, നോവൽ, പ്രബന്ധം, സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവ എഴുതി. സൂസന്നയ്ക്ക് പറയാനുള്ളത്, ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (രണ്ടും കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ: സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധം) എന്നിവയാണ് പ്രധാനകൃതികൾ. ഭാഷാസാഹിത്യചരിതം : ആറ്റൂർ, ഗവേഷണപഠനവും രീതിശാസ്ത്രവും അറിവുല്പാദനത്തിന്റെ പുതുവഴികൾ (ഡോ.ഇ.രാധാകൃഷ്ണനോടൊപ്പം), സിനിമ: ആസ്വാദനത്തിന്റെ ചരിത്രവഴികൾ 1930-60, മലയാളഗവേഷണം: ചരിത്രവും വർത്തമാനവും, ബഷീറിന്റെ ലോകങ്ങൾ തുടങ്ങിയവ എഡിറ്റ് ചെയ്ത് പുറത്തിറക്കി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA