
തിരുവനന്തപുരം: മാനസികാരോഗ്യമില്ലാത്തവർക്ക് പരിചരണവും സംരക്ഷണവും ഉറപ്പാക്കേണ്ടത് പൊലീസിന്റെ നിയമപരമായ ബാദ്ധ്യതയാക്കി സർക്കാർ പ്രോട്ടോക്കോൾ പുറത്തിറക്കി. പ്രാഥമിക നടപടിയെടുക്കാൻ മാനസികരോഗം സ്ഥിരീകരിച്ച മെഡിക്കൽ റിപ്പോർട്ട് ആവശ്യമില്ല. ചൂഷണം, അക്രമം, അവഗണന, മനുഷ്യക്കടത്ത്, പീഡനം, ചികിത്സ നിഷേധിക്കൽ എന്നിവയ്ക്ക് ഇരയാകാതിരിക്കാനാണ് ഇടപെടേണ്ടത്. അലഞ്ഞുതിരിയുന്നതോ ഭവനരഹിതരോ മാനസികസമ്മർദ്ദത്തിലായതോ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ശേഷിയില്ലാത്തതോ ആയ വ്യക്തികൾക്കാണ് പൊലീസ് സംരക്ഷണവും വൈദ്യസഹായവും പരിചരണവും ഉറപ്പാക്കേണ്ടത്. ആത്മഹത്യാ ശ്രമം, മറ്റുള്ളവരെ ഉപദ്രവിക്കാൻ സാദ്ധ്യത, പീഡനത്തിനോ ചൂഷണത്തിനോ ഇരയാകുക തുടങ്ങിയ സന്ദർഭങ്ങളിലും ഇടപെടണം.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ടോ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടോ ഉത്തരവാദിത്വം അവസാനിക്കില്ല. സുരക്ഷിതമായി കുടുംബത്തിൽ എത്തുംവരെയോ, പുനരധിവാസ കേന്ദ്രത്തിലോ നിയമപരമായ ചികിത്സാ കേന്ദ്രത്തിലോ എത്തുംവരെയോ നടപടികൾ നിരീക്ഷിക്കണം. ബലപ്രയോഗം പാടില്ലെന്നും ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ്അലം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പൊലീസ് രോഗനിർണ്ണയം നടത്താൻ പാടില്ല. ലോക്കപ്പുകളോ ജയിലുകളോ മാനസികാരോഗ്യ പരിചരണത്തിനുള്ള കേന്ദ്രങ്ങളായി ഉപയോഗിക്കാൻ പാടില്ല.
ചങ്ങലയിടേണ്ട, കയറിന് കെട്ടേണ്ട
കയർ, ചങ്ങല, വയറുകൾ, ബെൽറ്റുകൾ, വിലങ്ങുകൾ, കമഴ്ത്തിക്കിടത്തിയുള്ള നിയന്ത്രണം, കഴുത്തിലോ നെഞ്ചിലോ വയറിലോ അമർത്തൽ എന്നിവ പാടില്ല. നിയന്ത്രണത്തിന്റെ കാരണം രേഖപ്പെടുത്തണം.
വൈദ്യപരിശോധന, ചികിത്സ, സുരക്ഷ എന്നിവ ലഭ്യമാക്കാൻ പൊലീസിന് വ്യക്തിയെ സംരക്ഷണയിലാക്കാം. അറസ്റ്റോ കസ്റ്റഡിയോ അല്ലെന്ന് പൊലീസ് അറിയണം.
ഇടപെടാനുള്ള കാരണവും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ധരിപ്പിക്കണം. സ്ത്രീകളാണെങ്കിൽ വനിതാപൊലീസ് വേണം. കുട്ടികളുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണം.
കഴിവതും വേഗം അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം.
മാനസികരോഗമില്ലെന്ന് മെഡിക്കൽ ഓഫീസർ കണ്ടെത്തിയാൽ കുടുംബത്തിലേക്കോ താമസസ്ഥലത്തോ എത്തിക്കണം. ഭവനരഹിതനാണെങ്കിൽ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റണം. ആശുപത്രിയിലോ തെരുവിലോ ഉപേക്ഷിക്കരുത്.
അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. ഐഡന്റിറ്റി വ്യക്തമല്ലെന്ന കാരണത്താലോ, ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന കാരണത്താലോ രജിസ്റ്റർ ചെയ്യാതിരിക്കരുത്.
ആശുപത്രിയിലേക്ക് മാറ്റുംവരെയുള്ള സമയത്തേക്ക് താത്കാലികമായി പൊലീസ് സ്റ്റേഷനിൽ ഒരു 'സേഫ് റൂം' സജ്ജീകരിക്കണം. ഇത് ലോക്കപ്പോ കസ്റ്റഡി മുറിയോ ആകരുത്. കുടിവെള്ളവും ടോയ് ലെറ്റുമുണ്ടാവണം. മൊബൈൽ ഫോൺ, പണം, മരുന്നുകൾ എന്നിവ രേഖയിലാക്കണം.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് കൂടുതൽ സംരക്ഷണം. വനിതാപൊലീസില്ലെങ്കിൽ വനിതാ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ സഹായം തേടാം.
കുടിവെള്ളം, ഭക്ഷണം, വസ്ത്രം, ശാന്തമായ അന്തരീക്ഷം, ഗതാഗത അപകടങ്ങളിൽ നിന്നുള്ള സംരക്ഷണം, ആംബുലൻസ് സൗകര്യം, ചികിത്സ എന്നിവ പൊലീസ് ഒരുക്കണം. മാനസിക വിഭ്രാന്തിയോ സ്വയം അപകടപ്പെടുത്താനുള്ള സാദ്ധ്യതയോ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |