SignIn
Kerala Kaumudi Online
Thursday, 17 September 2026 6.35 PM IST

കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ജി. പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

prathapa

കൊല്ലം: മുൻ ചാത്തന്നൂർ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. അറുപത്തിമ്മൂന്ന് വയസായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊല്ലം തേവള്ളിയിലുള്ള വീട്ടിലെ ടോയ്‌ലെറ്റിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട അദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോൺഗ്രസിന്റെ വിവിധ പരിപാടികളിൽ സജീവമായിരുന്നു. 2001ലാണ് ചാത്തന്നൂരിൽ നിന്ന് നിയമസഭാംഗമായത്. 1991ൽ ചവറയിൽ നിന്നും 2006ൽ ചാത്തന്നൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. കിളികൊല്ലൂർ പേരൂർ മുല്ലവനം വീട്ടിൽ പി. ഗോപാലപ്പണിക്കരുടെയും കെ. ഭാരതിയുടെയും മകനായ തമ്പാൻ കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം എൽ.എൽ.ബി ബിരുദധാരിയുമാണ്. നിലവിൽ പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ദീപയാണ് ഭാര്യ. ഗോകുൽ വർമ്മ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചൈത്ര ജി. തമ്പാൻ എന്നിവർ മക്കളാണ്. ഇന്ന് രാവിലെ 10 മുതൽ തേവള്ളിയിലെ വസതി, തുടർന്ന് ഡി.സി.സി ഓഫീസ്, ചാത്തന്നൂർ ജംഗ്ഷൻ, പേരൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് 4ന് പേരൂരിലെ കുടുംബവീട്ടിൽ സംസ്കാരം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRATHAPAVARMA THAMPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA