
തിരുവനന്തപുരം: ഭക്ഷ്യശാസ്ത്ര മേഖലയിലെ ആഗോള റാങ്കിങ്ങിൽ ഇടംനേടി മലയാളിയും. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസെവിയർ ശാസ്ത്ര പബ്ലിഷിംഗ് കമ്പനിയും പുറത്തുവിട്ട ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ഡോ. ആലുംമൂട്ടിൽ എൻ.ജ്യോതി ഉൾപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്. മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയുടെ അന്നജത്തിന്റെ പരിഷ്കരണവും സ്റ്റാർച്ച് അധിഷ്ഠിത വസ്തുക്കളുടെ വികസനവും മുൻനിറുത്തി നടത്തിയ ഗവേഷണങ്ങൾ പരിഗണിച്ചാണിത്. കൃഷി, മത്സ്യബന്ധനം, വനം വിഭാഗത്തിനു കീഴിലുള്ള "ഫുഡ് സയൻസ്' ഉപവിഭാഗത്തിൽ ആഗോള തലത്തിൽ 1811ാം സ്ഥാനമാണ് ലഭിച്ചത്.
മരച്ചീനി സ്റ്റാർച്ചിന്റെ രസതന്ത്രം, അതിലെ മാറ്റങ്ങൾ,ഫങ്ഷണൽ സ്റ്റാർച്ചുകൾ, റെസിസ്റ്റന്റ് സ്റ്റാർച്ചുകൾ, ഹൈഡ്രോജെലുകൾ, സൂപ്പർ അബ്സോർബന്റ് പോളിമറുകൾ തുടങ്ങിയവയിൽ നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 175 ലധികം പ്രബന്ധങ്ങൾ രചിച്ചു.
ഐ.സി.എ.ആർ ടീം റിസർച്ച് അവാർഡ്, ടെക്നോളജി സർട്ടിഫിക്കറ്റ്, ഡോ.ജി രംഗസ്വാമി മെമ്മോറിയൽ യംഗ് സയന്റിസ്റ്റ് അവാർഡ്, എം.എസ് ലൂസിഡ് കൊളോയിഡ്‌സ് ലിമിറ്റഡ് അവാർഡ് തുടങ്ങിയവ നേടിട്ടുണ്ട്. 2012 ൽ അന്താരാഷ്ട്ര പരിശീലനത്തിനായുള്ള ഫെലോഷിപ്പ് , 2025ൽ ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സിന്റെ ഫെലോ എന്നിവ ലഭിച്ചു. "ജേർണൽ ഓഫ് റൂട്ട് ക്രോപ്സി'ന്റെ ചീഫ് എഡിറ്ററാണ്.
കോട്ടയം കിടങ്ങൂർ സ്വദേശിയായ ജ്യോതി പൗഡിക്കോണത്താണ് താമസിക്കുന്നത്. ഭർത്താവ് ഡോ.ജെ.ശ്രീകുമാറും കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റാണ്. അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ഡോ.ജ്യോതി പറഞ്ഞു.
28 വർഷത്തിലേറെ നീണ്ട ഗവേഷണ ജീവിതത്തിൽ എഴുതിയ പ്രബന്ധങ്ങൾ ലോകം അംഗീകരിച്ചതിൽ സന്തോഷം.
- ഡോ.ജ്യോതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |