SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ശബരിമല യുവതീപ്രവേശനം പൊതുതാത്പര്യഹർജി ചവറ്രുകുട്ടയിൽ എറിയണമായിരുന്നു: ചീഫ് ജസ്റ്റിസ്

s

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട 2006ലെ പൊതുതാത്പര്യഹ‌ർജി കൈയോടെ ചവറ്രുകുട്ടയിൽ എറിയണമായിരുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ശബരിമല യുവതീപ്രവേശനമടക്കമുള്ള വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്ന 9 അംഗ ഭരണഘടനാ ബെഞ്ച് ഹർജിക്കാരായ ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷനെ വിമർശനം കൊണ്ട് മൂടി. 10നും 50നുമിടയ്‌ക്കുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനവിലക്കുള്ളത് സംബന്ധിച്ച ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യഹ‌ർജി സമർപ്പിച്ചതെന്ന് സംഘടനയുടെ അഭിഭാഷകൻ രവിപ്രകാശ് ഗുപ്‌ത അറിയിച്ചു. തന്ത്രിയായിരുന്ന കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് സംഭവവും പ്രേരണയായെന്ന് ചൂണ്ടിക്കാട്ടി. ലേഖനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുതാത്പര്യഹർജി സമർപ്പിക്കാൻ സംഘടനയ്‌ക്ക് എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു. തന്ത്രി ക്രിമിനൽ പ്രവൃത്തി നടത്തിയത് ഹ‌ർജി സ്വീകരിക്കാനുള്ള കാരണമാണോ ?​ ക്രിമിനൽ കേസുകൾ നിയമത്തിന്റെ വഴിക്ക് വിചാരണയും മറ്റുമായി പോയിക്കൊള്ളുമെന്നും വ്യക്തമാക്കി.

ഇതു പ്രോത്സാഹിപ്പിക്കാനാകില്ല

ജുഡിഷ്യൽ സംവിധാനത്തിന്റെ ദുരുപയോഗമാണിതെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്ന വിമർശിച്ചു. അയ്യപ്പ വിശ്വാസികളല്ല ഹർജിക്കാർ. പൊതുതാത്പര്യഹർജി ഫയൽ ചെയ്‌തതിലൂടെ എന്ത് ഗുണമാണുണ്ടായത്?​ യഥാർത്ഥ അയ്യപ്പ വിശ്വാസികൾ ശബരിമലയിലെ ആചാരങ്ങളെ മാനിക്കും. ആചാരം ലംഘിക്കുമെന്ന് പറയുന്നവരെ കോടതിക്ക് പ്രോത്സാഹിപ്പിക്കാനാകില്ല. ലേഖനങ്ങൾ ചൂണ്ടിക്കാട്ടി വ്യവഹാരത്തിന് ഇറങ്ങുകയല്ല സംഘടന ചെയ്യേണ്ടിയിരുന്നത്. ഗ്രാമമേഖലകളിലടക്കം കഷ്‌ടപ്പെടുന്ന അഭിഭാഷകരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. പൊതുതാത്പര്യഹർജികൾ സമ‌ർപ്പിക്കാൻ വേണ്ടി ലേഖനമെഴുതുന്നത് എളുപ്പമാണെന്നും പരിഹസിച്ചു.

അത് വിവേചനപരം

മിശ്രവിവാഹം ചെയ്യുന്ന പാഴ്സി സ്ത്രീകളെ മതത്തിൽ നിന്ന് പുറത്താക്കുന്ന രീതി വിവേചനപരമെന്ന് കോടതി നിരീക്ഷിച്ചു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ വിലക്കുന്നത് ചോദ്യംചെയ്‌ത ഹ‌ർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജനിക്കുന്ന സമയത്തെ മതത്തെ,​ വിവാഹത്തോടെ എടുത്തുമാറ്റാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വാദംകേൾക്കൽ ഇന്നും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA