
കൽപ്പറ്റ: ഡൽഹിയിലെ സമര മുഖത്ത് നിന്ന് ഇന്നലെ പ്രിയങ്കാഗാന്ധി ഓടിയെത്തിയത് വയനാട്ടിലേക്ക്. ജൂലായ് ഏഴിന് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കള്ളാടി വയനാട് എം.പിയായ പ്രിയങ്ക സന്ദർശിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി അവർ അറിഞ്ഞതും വയനാട്ടിൽവച്ചാണ്.
രാവിലെ11മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക റോഡ് മാർഗമാണ് എത്തിയത്. തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ സ്ഥലമാണ് ആദ്യം സന്ദർശിച്ചത്. പ്രദേശവാസികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നിർമാണ കരാറുകാരായ ദിലീപ് ബിൽഡ്‌കോൺ അധികൃതർ എന്നിവരുമായി ആശയവിനിമയം നടത്തി. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. റവന്യൂ മന്ത്രി എ.പി അനിൽകുമാർ, കൃഷി മന്ത്രി ടി സിദ്ദീഖ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കള്ളാടി മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അനുമോദിക്കാൻ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. സേനാ വിഭാഗങ്ങൾ, സന്നദ്ധസേന പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. രാത്രിയോടെ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു.
വിദ്യാർത്ഥികൾ രാജ്യത്തെ
തിരിച്ചുകൊണ്ടുവന്നു: പ്രിയങ്ക
കൽപ്പറ്റ: ധർമേന്ദ്രപ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. വിദ്യാർത്ഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുന്നവന്ന ദിവസമാണിത്.
എല്ലാ ഭരണകർത്താക്കൾക്കുമുള്ള പാഠമാണിത്. ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും വിദ്യാർത്ഥികൾക്കൊപ്പമുണ്ട്. വലിയ രീതിയിലുള്ള അക്രമണങ്ങളെ വിദ്യാർത്ഥികൾ നേരിട്ടു. എന്നിട്ടും പിന്നോട്ടു പോയില്ല .എന്റെ സഹോദരനടക്കം വിദ്യാർത്ഥികൾക്കൊപ്പം നിന്ന് പോരാടി. ഇത് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വിജയം.-പ്രിയങ്ക പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |