തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തപ്പെയ്ത്തിൽ കനത്തനാശം. മരം വീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങളിലുമായി ഏഴുമരണം. മലപ്പുറത്ത് ദേശീയപാത 66ൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം ഇന്നലെ അർദ്ധരാത്രി 12ഓടെ നിയന്ത്രണം വിട്ട ഇന്നോവ കാർ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് ദമ്പതികളുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശൂർ പന്നിത്തടം നീണ്ടൂർ കോട്ടപ്പുറത്ത് ഖദീജയുടെയും ഇബ്രാഹിമിന്റെയും മകൻ ഷാഫിദ് (40), ഭാര്യ ഷഹീന (36), ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന ഷെറിൻ (26) എന്നിവരാണ് മരിച്ചത്. സൻഫ ഫാത്തിയാണ് (6) ഷാഫിദിന്റെ മകൾ.
മലപ്പുറം ചാലിയാറിൽ മീൻ പിടിക്കാൻ പോയ എടവണ്ണ പൂവമണ്ണ് സ്വദേശി ഷാഹിൻ (35) ഒഴുക്കിൽപെട്ട് മരിച്ചു. ഇന്നലെ രാവിലെ കൊടുങ്ങല്ലൂർ എസ്.എൻ പുരം പി.വെമ്പല്ലൂർ റോഡിൽ വാകമരം കടപുഴകിയാണ് വെള്ളാങ്കല്ലൂർ കാരുമാത്ര ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തി (60) മരിച്ചത്. ഭാര്യ: ശ്രീലത. മക്കൾ: അർജുൻ പ്രസാദ്, കൃഷ്ണപ്രസാദ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
കോഴിക്കോട് പെരിങ്ങളത്തിന് സമീപം കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ്, കിഴക്കോത്ത് മറിവീട്ടിൽ താഴം നെരോത്ത് ജാനകി (82) മരിച്ചു. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭർത്താവ്: പരേതനായ പൊന്നാങ്കണ്ടി മാധവൻ. മക്കൾ: സി.പി.സുരേഷ് ബാബു, ജലജ. മരുമക്കൾ: ലത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), രാജൻ പെരിങ്ങുളം (റിട്ട. ബി.എസ്.എൻ.എൽ).
കുന്നംകുളം ആനായ്ക്കൽ പോർക്കളേങ്ങാട് ക്ഷേത്രത്തിലെ ഇരുമ്പ് മേൽക്കൂര വൃത്തിയാക്കുന്നതിനിടെ പോർക്കളേങ്ങാട് ആലിക്കൽ വീട്ടിൽ നിഷാദ് (44) ഷോക്കേറ്റ് മരിച്ചു. ഭാര്യ: ഷീജ. മക്കൾ: രാഹുൽ, അപർണ.
5 ജില്ലകളിൽ റെഡ് അലർട്ട്
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |