SignIn
Kerala Kaumudi Online
Monday, 13 July 2026 1.47 AM IST

നാദ വിസ്മയം തീർത്ത ഗന്ധർവ്വ സംഗമം

s-janaki

തിരുവനന്തപുരം: ലാളിത്യത്തിനുള്ളിൽ വൈകാരികതയുടെ കടലൊളിപ്പിച്ചിരുന്ന അനശ്വര സംഗീത സംവിധായകൻ എം.എസ്.ബാബുരാജ്,​ ശ്രീകുമാരൻ തമ്പിയുടെ തൂലിക ചമച്ച 'അകലെ അകലെ നീലാകാശം' എന്ന ഗാനം ചിട്ടപ്പെടുത്തിയത് കല്പാന്തകാലത്തേക്കാണ്. നാദം കൊണ്ട് ആ ഗാനത്തെ ആകാശത്തിനും മീതേയ്ക്ക് എത്തിച്ചതാവട്ടെ യേശുദാസും എസ്.ജാനകിയും. 1968ൽ പുറത്തിറങ്ങിയ മിടുമിടുക്കി എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും ഗാനമേളക്കാർക്ക് വെല്ലുവിളിയും ആവേശവുമാണ്.

നാലു പതിറ്റാണ്ടിനുള്ളിൽ ഈ നാദദ്വയങ്ങൾ ഗാനാസ്വാദക മനസുകളിലേക്ക് സന്നിവേശിപ്പിച്ചത് എത്രയെത്ര മധുരഗാനങ്ങൾ. യേശുദാസ് ചലച്ചിത്ര ഗാനരംഗത്തെത്തുന്നതിന് ഏതാണ്ട് ഒരുപതിറ്റാണ്ട് മുമ്പേ, മിന്നുതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലൂടെ എസ്.ജാനകി മലയാള സിനിമയുടെ ഭാഗമായെങ്കിലും ആ കുയിൽ നാദത്തിന് ഉത്തമമായ മറുപാട്ട് കേട്ടുതുടങ്ങിയത് 1965ലാണ്. മുറപ്പെണ്ണ് എന്ന ചിത്രത്തിൽ പി.ഭാസ്കരൻ രചിച്ച് ബി.എ.ചിദംബരനാഥ് ഈണം പകർന്ന ഗാനത്തിൽ 'മലർവള്ളികാട്ടിലെ മാൻകിടാവേ നിനക്ക് മണവാളനെത്താൻ തുടക്കമായോ... എന്ന വരികൾ യേശുദാസിന്റെ കാല്പനിക ശബ്ദത്തിലൂടെ ചോദിക്കുമ്പോൾ,​ പറയുന്നൊരു മറുപടിയുണ്ട്. 'കളിത്തോഴിമാരെന്നെ കളിയാക്കി,​ എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി,​ ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ കളിയാക്കി...' എന്നുപോകുന്നു ആ കിളിമൊഴി.

തെലുങ്ക് ഭാഷയുടെ മണ്ണിൽ പിറന്നിട്ടും എസ്. ജാനകിയെപ്പോലെ മലയാളഭാഷ ഇത്രത്തോളം വണങ്ങി നിന്ന മറ്റു ഗായികമാർ കുറയും. പി.സുശീലയും വാണി ജയറാമും പിൽക്കാലത്ത് കെ.എസ്.ചിത്രയും സുജാതയും ഉൾപ്പെടെ ഗാനഗന്ധർവന്റെ സ്വരമാധുരിക്കൊപ്പം ചേർന്നൊഴുകിയ ഗായികമാരുണ്ടെങ്കിലും യേശുദാസ്-എസ്.ജാനകി ടീം നിറംചാർത്തി നിന്ന കാലം വല്ലാത്തൊരു അനുഭൂതിയായിരുന്നു.

പ്രായത്തിൽ അല്പം കൂടുതലുള്ള,​ മൂത്ത സഹോദരിയുടെ സ്ഥാനമായിരുന്നു യേശുദാസ് ജാനകിയമ്മയ്ക്ക് നൽകിയിരുന്നത്. വിളിച്ചിരുന്നതും അങ്ങനെ തന്നെ. സ്വരഭംഗിയും ആലാപനമികവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുമ്പോഴും കടുകിടെ ചലിക്കാതെ നിന്നു പാടാറുള്ള ജാനകിയുടെ പ്രത്യേകതയും അദ്ദേഹം പലവുരു പരാമർശിച്ചിട്ടുള്ളതാണ്. പാട്ടിനിടയിൽ നർമ്മത്തിന് വേണ്ടി അവർ ഇടുന്ന ചില നമ്പറുകൾ തന്നെ പലപ്പോഴും രസിപ്പിച്ചിട്ടുള്ളതും യേശുദാസ് അനുസ്മരിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഇരുവരുടെയും നാദവിസ്മയങ്ങൾ സമന്വയിച്ചു.

''എല്ലാ ശ്രുതിയിലും പാടാൻ കഴിയുമെന്നതായിരുന്നു ജാനകിയമ്മയുടെ അസാധാരണ സവിശേഷത. നായികമാർക്ക് വേണ്ടി പാടുന്ന അതേ സമയത്ത് കുട്ടികളുടെ സ്വരവും അവർക്ക് നന്നായി വഴങ്ങിയിരുന്നു. തന്റെ സംഗീത സംവിധാനത്തിൽ അവർ തീക്കനൽ എന്ന ചിത്രത്തിൽ പാടിയിട്ടുമുണ്ട്.

-കെ.ജെ. യേശുദാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA