SignIn
Kerala Kaumudi Online
Friday, 18 September 2026 3.25 PM IST

മണ്ഡലകാലത്ത് നിലയ്‌ക്കലിൽ കൊവിഡ് പരിശോധന; നെഗറ്റീവാകുന്നവർക്ക് മാത്രം പതിനെട്ടാം പടി ചവിട്ടാം

sabarimala

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് മല കയറാൻ എത്തുന്നവരിൽ കൊവിഡ് പരിശോധന നടത്താൻ ആലോചന. നവംബർ 15നാണ് ഇക്കൊല്ലത്തെ മണ്ഡലകാലം ആരംഭിക്കുന്നത്. നിലയ്ക്കലിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവർക്ക് മാത്രം ദർശനത്തിന് അനുമതി നൽകാനാണ് ദേവശ്വം ബോർഡ് തീരുമാനം. ഇതിനായി ആരോഗ്യവകുപ്പിന്റെ അഭിപ്രായം തേടും. മുഖ്യമന്ത്രി തലത്തിൽ ചർച്ചയും നടക്കും. പ്രായോഗിക തലത്തിൽ പരിശോധന നടത്താൻ പറ്റുമോയെന്നാണ് പ്രധാനമായും ദേവസ്വം ബോർഡ് പരിശോധിക്കുന്നത്.

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമാകും ഇത്തവണ ദർശനത്തിന് അനുമതിയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അനുമതി ലഭിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നതിനെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ പരിശോധന നടത്തി മൂന്നും നാലും ദിവസം യാത്ര ചെയ്തു വേണം ശബരിമലയിൽ എത്തുന്നത്. ഇൗ ദിവസത്തിനുള്ളിൽ രോഗബാധയുണ്ടായോ എന്നറിയാൻ മാർഗമില്ല.

സന്നിധാനത്ത് 50 പേർ മാത്രം ഒരു സമയത്ത് എന്നതാണ് ദേവസ്വം ബോർഡിന്റെ ആലോചനയിലുള്ള കാര്യം. ഇക്കാര്യത്തിൽ പൊലീസുമായി ചർച്ച ചെയ്‌തേ അന്തിമതീരുമാനമെടുക്കൂ. എത്ര പേർക്ക് ഓരോദിവസവും ആന്റിജൻ പരിശോധന നടത്താം എന്നതുൾപ്പെടെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ആലോചിക്കുക.

സാമൂഹിക അകലം പാലിക്കേണ്ടിവരുമ്പോൾ ശബരിമലയിലെ നിലവിലുള്ള മിക്ക കാര്യങ്ങളിലും മാറ്റം വരും. ഫ്ലൈ ഓവറുകളിൽ ഭക്തരുടെ ക്യൂ ഒഴിവാക്കും. പതിനെട്ടാം പടി ചവിട്ടുന്നതിനും നിബന്ധനകൾ വരും. ഭക്തരെ പിടിച്ചുകയറ്റാൻ നിർത്തുന്ന പൊലീസുകാരെ ഒഴിവാക്കും. പടികളിലും അകലം പാലിച്ചു വേണം ഭക്തരെ കയറ്റിവിടുക. സീസൺ കാലത്ത് ഒരു ദിവസം ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിനെത്തിയിട്ടുണ്ട്. ഒരു മണിക്കൂറിൽ അയ്യായിരത്തോളം പേർ പടിചവിട്ടുമെന്നുമാണു കണക്ക്. ഇതു വെർച്വൽ ക്യൂ വഴി നിയന്ത്രിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA WOMEN ENTRY, COVID TEST, SABARIMALA COVID, COVID POSITIVE, COVID NEGATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA