SignIn
Kerala Kaumudi Online
Thursday, 11 June 2026 2.00 PM IST

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം, ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

padmakumar

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജൂൺ 15 തിങ്കളാഴ്‌ച പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. അന്ന് നടപടിയെടുക്കാനാണ് സാദ്ധ്യത. പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ മാത്രമായിരുന്നു നേരത്തേയുള്ള നിർദേശം. പത്മകുമാർ കഴിഞ്ഞ ആഴ്‌ച പാർട്ടി അംഗത്വം പുതുക്കിയിരുന്നു.

സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തറപ്പിച്ച് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തലിന് തയ്യാറായത്. പത്മകുമാറിനെതിരായ നടപടി മാത്രമല്ല, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിലെ വീഴ്‌ചയെക്കുറിച്ചും സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ തിരുത്തി.

മണ്ഡലം കമ്മിറ്റിയിലെ 73പേരിൽ 70പേരും പി കെ ശ്യാമളയ്‌ക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാർത്ഥിയാക്കിയത് ഞെട്ടിച്ചെന്നാണ് കാസർകോട് നിന്നുള്ള സംസ്ഥാന അംഗം സമിതിയിൽ പറഞ്ഞത്. അതേസമയം, വീഴ്‌ചകൾ എം വി ഗോവിന്ദൻ വാക്കാൽ ഏറ്റുപറഞ്ഞെങ്കിലും വ്യക്തിഗത വിമർശനങ്ങളൊന്നും റിവ്യൂ റിപ്പോ‌ർട്ടിലില്ല.

2025 നവംബർ 20നാണ് കോന്നി മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിലായിരുന്നു അറസ്റ്റ്. ഡിസംബർ രണ്ടിന് ദ്വാരപാലക പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിൽ നിന്ന് സ്വർണം കവരുന്നതിന് കൂട്ടുനിന്നുവെന്നും കൃത്യവിലോപം നടത്തിയെന്നും കൊള്ളയ്‌ക്ക് കൂട്ടുനിന്നെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ പത്മകുമാർ ഇപ്പോൾ ജാമ്യത്തിലാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാത്തതിൽ അണികൾക്കിടയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: A PADMAKUMAR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA