തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമോപദേശം തേടാനൊരുങ്ങി എസ്ഐടി. പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കാമോ എന്നതിൽ തീരുമാനമായില്ല. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കുറ്റപത്രം വൈകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ എഡിജിപി എച്ച് വെങ്കിടേഷാണ് നിയമോപദേശം തേടുന്നത്. കോടതി ഉത്തരവിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെപ്പറ്റി വ്യക്തമാക്കുന്നില്ലെന്നാണ് എസ്‌ഐടി പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോഴുള്ളത്. മൂന്നാമത് ഒരു കേസ് രജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. ദേവസ്വം മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് പുറമെ സ്മാർട്സ് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ റജിലാൽ എന്നിവരും പ്രതികളാണ്.
സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും ഭരണസമിതിയുമാണിത്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപ്പട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ 2025ൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |