
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാക്കളായ മുൻമന്ത്രി കെ.സി.ജോസഫും ബെന്നി ബഹനാൻ എം.പിയും കൊട്ടാരക്കര ജുഡിഷ്യൻ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി മൊഴി നൽകി. സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടേതെന്ന തരത്തിൽ കോടതി മുമ്പാകെയുള്ള 25 പേജ് കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കെ.സി.ജോസഫ് മൊഴി നൽകി. ഉമ്മൻചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും അപകീർത്തിപ്പെടുത്താൻ പരാതിക്കാരിയും കെ.ബി.ഗണേശ് കുമാറും ഗൂഢാലോചന നടത്തി 4 പേജുകൾ കൂട്ടിച്ചേർത്തതാണ്.
ഉമ്മൻചാണ്ടിക്കെതിരെയുള്ള പരാമർശങ്ങൾ അധിക്ഷേപകരമാണ്. അദ്ദേഹം നിരപരാധിയാണ്. 2013ൽ ഗണേശ് കുമാറിന്റെ ആദ്യ ഭാര്യയുടെ പരാതിയിൻമേൽ മ്യൂസിയം പൊലീസ് ക്രിമിനൽ കേസെടുത്തിരുന്നു. തുടർന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. ഉമ്മൻചാണ്ടിയും താനും ഗണേശിന്റെ കുടുംബ പ്രശ്നത്തിൽ മദ്ധ്യസ്ഥശ്രമം നടത്തിയിരുന്നു. അങ്ങനെയാണ് കേസുകൾ അവസാനിച്ചത്.
എന്നാൽ, മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് ഗണേശ് കുമാർ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള എതിർത്തു. അതിന്റെ പേരിലാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാഞ്ഞത്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തേണ്ടി വന്നത് ഉമ്മൻചാണ്ടിയുടെയും മറ്റും ഇടപെടലിനെ തുടർന്നാണെന്ന് വിശ്വസിച്ച ഗണേശ് കുമാർ പരാതിക്കാരിയുടെ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർക്കുകയായിരുന്നെന്നും മൊഴി നൽകി. സമാനമൊഴിയാണ് ബെന്നി ബെഹനാനും നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |