SignIn
Kerala Kaumudi Online
Monday, 05 October 2026 12.51 AM IST

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും കോടതി വിധിയിലും...

t

തിരുവനന്തപുരം:

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു...

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിധിയിൽ വെള്ളിയാഴ്‌ച ഹൈക്കോടതി ഈ ഗാനം ഉദ്ധരിച്ചത് അർത്ഥം അറിഞ്ഞാണെന്ന് ഗാനം എഴുതിയ ശ്രീകുമാരൻ തമ്പി.

46 വർഷം മുമ്പാണ് അദ്ദേഹം ഈ ഗാനം രചിച്ചത്. ശ്രീകുമാരൻ തമ്പി തന്നെ തിരക്കഥ എഴുതിയ സ്വാമി അയ്യപ്പൻ എന്ന സിനിമയ്‌ക്കു വേണ്ടി. യേശുദാസിന്റെ സ്വരമാധുരിയിൽ മലയാളികൾ അത് ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുമ്പോൾ ദേവാലയങ്ങളെ ബാധിച്ചാൽ ദൈവം നമ്മോടു ക്ഷമിച്ചോളുമെന്ന ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധിപ്രസ്താവനയിലാണ് ഈ വരികൾ ഉദ്ധരിച്ചത്. കാലത്തെ കടന്ന് നിൽക്കുന്ന ആശയങ്ങളുള്ള ഇത്തരം നിരവധി ഗാനങ്ങൾ ശ്രീകുമാരൻ തമ്പി മലയാളികൾക്ക് നൽകിയിട്ടുണ്ട്.

ജി.ദേവരാജൻ ഈണമിട്ട 'സ്വാമി അയ്യപ്പനി'ലെ ആറ് ഗാനങ്ങൾ എഴുതാൻ വയലാർ രാമവർമ്മയെയാണ് തീരുമാനിച്ചിരുന്നത്. നാലെണ്ണം എഴുതിയപ്പോൾ വയലാർ രോഗംബാധിച്ച് ആശുപത്രിയിലായി. അങ്ങനെയാണ് ശ്രീകുമാരൻ തമ്പി ബാക്കി രണ്ട് ഗാനങ്ങൾ എഴുതിയത്.

''സിനിമയിൽ അയ്യപ്പൻ (മണികണ്ഠൻ)​ അടക്കമുള്ള കുട്ടികളെ ഗുരു പഠിപ്പിക്കുന്ന രംഗത്തിലാണ് ഈ പാട്ട് . തിക്കുറിശിയാണ് ഗുരു. 'തത്ത്വമസി'യെക്കുറിച്ച് ഭക്തരെ ബോധവന്മാരാക്കിയ ദൈവമാണ് അയ്യപ്പൻ. 'ഈശാവാസ്യോപനിഷത്തി'ലെ ''ഈശാവാസ്യമിദം സർവ്വം...'' എന്ന ആദ്യവരിയിൽ നിന്നാണ് ആശയം എടുത്തത്. ''ഇവിടെയുള്ള സർവ വസ്തുക്കളിലും ഈശ്വരൻ വസിക്കുന്നു'' എന്നാണർത്ഥം''- ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഗാനമെഴുതുന്ന കാലത്ത് വികസനത്തിന് തടസമായി ആരാധനാലയങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. എല്ലാ മതക്കാരും തോന്നുംപോലെ ആരാധനാലയങ്ങൾ പണിയുന്നു. ദൈവം ആരാധനാലയങ്ങളിൽ മാത്രമേ ഉള്ളൂ എന്നു പറയുന്നത് ശരിയല്ല. ദൈവം ജയിലിൽ കിടക്കുന്ന ആളല്ലല്ലോ. ദൈവത്തിന്റെ പേരിൽ മനുഷ്യർ മുതലെടുക്കുന്നു. എല്ലാ ആരാധനാലയങ്ങളും വ്യാപാരത്തിന്റെ സ്വഭാവത്തിലേക്കു പോകുന്നു. ആരാധനാലയങ്ങൾ തോന്നിയപോലെ നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുവാദം കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEKUMARAN THAMPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA