
തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിനുള്ള ഫീസ് 5 ഇരട്ടിയായി വർദ്ധിപ്പിച്ചു. ഫീസ് 30 രൂപയിൽ നിന്ന് 150 രൂപയായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് സൂചന.
നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെയും പരീക്ഷ കമ്മിഷണറുടെയും ശുപാർശപ്രകാരമാണ് ഫീസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയവർക്ക് എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തി നൽകുന്നതിന് പരീക്ഷ കമ്മിഷണറെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. മറ്റു തിരുത്തലുകൾക്ക് നിശ്ചയിച്ച ഫീസായ 30 രൂപയാണ് ഇതിനും നിശ്ചയിച്ചിരുന്നത്. എന്നാൽ, പേര് തിരുത്തി നൽകുന്നതിനുള്ള അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഫീസ് വർദ്ധിപ്പിക്കണമെന്ന് 2024 ഒക്‌ടോബർ 15ന് പരീക്ഷ കമ്മിഷണർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പുതിയ സർട്ടിഫിക്കറ്റിന്റെ വിലയും പ്രിന്റിംഗ് ചെലവുകളും പരിഗണിച്ചായിരുന്നു ശുപാർശ. ഫീസ് വർദ്ധിപ്പിക്കണമെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി(വിദ്യാഭ്യാസം)യും ശുപാർശ ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.
പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പരീക്ഷാഭവൻ വീണ്ടും ഫീസ് വർദ്ധന സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചു. ഇതു പരിഗണിച്ചാണ് തീരുമാനം. ക്ലറിക്കൽ തെറ്റുകൾ മൂലം പേരിലുണ്ടാകുന്ന മാറ്റങ്ങൾ തിരുത്തുന്നതിന് ഫീസ് വർദ്ധിപ്പിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |