
തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർമാർ മേയറുടെ ചേംബറിൽ നടത്തിയ പുനഃസത്യപ്രതിജ്ഞ ചട്ടംലംഘനമാണെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധം കൂട്ടയടി ആയി. മേയറും ഡെപ്യൂട്ടി മേയറുമടക്കം ഇരുവിഭാഗങ്ങളിൽ നിന്നുമായി 17 പേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മേയറുടെ ചേംബർ ഉപരോധിച്ച എൽ.ഡി.എഫ് കൗൺസിലർമാർ മേയർ വി.വി.രാജേഷിനെയും ഡെപ്യൂട്ടി മേയറടക്കമുള്ള ബി.ജെ.പി കൗൺസിലർമാരെയും ചേംബറിൽ കയറുന്നത് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
മേയർ വി.വി.രാജേഷിന്റെ ഇടതുകാലിൽ പൊട്ടലുണ്ട്. പ്ളാസ്റ്ററിട്ടിരിക്കുകയാണ്. ഡെപ്യൂട്ടിമേയർ ആശാനാഥിന് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രണ്ടുതവണ ഛർദ്ദിച്ചു. ജി.എസ്.മഞ്ജു, ആർ.സി.ബീന, സുമി ബാലു, ദീപ എസ്.നായർ, ശ്രുതി, പി.എസ്.മിനി, ഗിരികുമാർ എന്നിവരാണ് പരിക്കേറ്റ ബി.ജെ.പി അംഗങ്ങൾ.
കാട്ടായിക്കോണം വാർഡിലെ സി.പി.എം കൗൺസിലർ സിന്ധു ശശിയുടെ തലയ്‌ക്കാണ് പരിക്ക്. ഇവർക്ക് നാല് സ്റ്റിച്ചുണ്ട്. ആർ.വീണാകുമാരി, എസ്.എസ്.സിന്ധു എന്നിവരുടെ കാലിന് പൊട്ടലുണ്ട്. രാഖി രവികുമാർ, വഞ്ചിയൂർ പി.ബാബു, കെ.ശ്രീകുമാർ, ആർ.പി.ശിവജി, ടി.കെ.രഞ്‌ജിത് എന്നിവരാണ് പരിക്കേറ്റ മറ്റ് എൽ.ഡി.എഫ് കൗൺസിലർമാർ.
സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കവാടത്തിന് മുന്നിൽ 23 മുതൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ റിലേ സത്യഗ്രഹം നടന്നുവരികയായിരുന്നു. ഇതിനിടെയാണ്, ചട്ടംലംഘിച്ച് സത്യപ്രതിജ്ഞ ചെയ്‌ത ബി.ജെ.പി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി വന്നത്. അന്നുതന്നെ മേയറുടെ ചേംബറിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു. കൗൺസിൽ ഹാളിൽ നടത്തേണ്ട സത്യപ്രതിജ്ഞ മേയറുടെ ചേംബറിൽ നടത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഇന്നലെ മേയറെ തടഞ്ഞത്. ഇരുവിഭാഗവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |