SignIn
Kerala Kaumudi Online
Tuesday, 07 July 2026 10.14 AM IST

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വർഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

sukumara-kurup
സുകുമാര കുറുപ്പ്

തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. രഹസ്യാന്വേഷണത്തിനാണ് നീക്കം. വർഷങ്ങളായി മരവിച്ച നിലയിലായിരുന്ന കേസാണ് വീണ്ടും പുനഃപരിശോധിക്കുന്നത്. 42 വർഷം നീണ്ട ദുരൂഹതയുടെ ചുരുളഴിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പുനഃപരിശോധിക്കുന്നത്.

1984 ജനുവരി 21നാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവ് എന്ന സ്ഥലത്തുവച്ചായിരുന്നു ഇത്. കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം തന്റെ കാറിനുള്ളിൽ ഇട്ട് ചുട്ടുകരിക്കുകയായിരുന്നു.

താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷ്വറൻസ് തുകയായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു പദ്ധതി. പക്ഷേ, പൊലീസ് അന്വേഷണം എല്ലാം പൊളിച്ചു. കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികൾ അറസ്റ്റിലായി. ഇവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടുകയും ചെയ്തു. പക്ഷേ, സുകുമാരക്കുറുപ്പ് എവിടെയാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല. പലയിടത്തുവച്ചും സുകുമാരക്കുറുപ്പിനെ കണ്ടെന്നും അയാൾ മരിച്ചെന്നുമുള്ള കഥകൾ പ്രചരിച്ചിരുന്നു.

സുകുമാരക്കുറുപ്പിനെ ഗുജറാത്തിലെ ഹിമന്ദ്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും കണ്ടെന്ന വെളിപ്പെടുത്തലും 2022ൽ പുറത്തുവന്നിരുന്നു. ഹിമന്ദ് നഗറിൽ 15 വർഷം മുൻപ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും ഇയാൾ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസീം ഇസ്മായിലാണ് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARA KURUP, SUKUMARA KURUP INVESTIGATION, FUGITIVE SUKUMARA KURUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA