SignIn
Kerala Kaumudi Online
Sunday, 31 May 2026 2.03 AM IST

അത്ഭുതവും കൗതുകവും തീർത്ത് വർണാഭമായ കുടമാറ്റം,​ തൃശൂർ പൂരം തെക്കോട്ടിറക്കം ആവേശമായി

READ ENGLISH VERSION
pooram

തൃശൂർ: കൊമ്പ് കുഴൽ മേളങ്ങളുടെ താളപ്പെരുമയിൽ കൗതുകവും വർണപ്പകിട്ടും തീർത്ത തെക്കോട്ടിറക്കത്തിന് പിന്നാലെ കുടമാറ്റവും സമാപിച്ചു. ഇനി ഇതുപോലൊരു മനോഹര കാഴ്‌ചകാണാൻ പൂരപ്രേമികൾ ഒരു കൊല്ലം കാത്തിരിക്കണം. വിവിധ നിറങ്ങളിലും തിളക്കത്തിലുമുള്ള കുടകളും,​ എൽഇഡി പ്രകാശവും ദേവീദേവന്മാരുടെ കട്ടൗട്ടുകൾ നിറഞ്ഞതുമായ മനോഹരമായ കുടമാറ്റം പൂരാരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

പാറമേക്കാവിന് വേണ്ടി ഗജരാജൻ ഗുരുവായൂർ നന്ദൻ തിടമ്പേറ്റി. മറുവശത്ത് തിരുവമ്പാടിയുടെ പൂരനായകൻ ചന്ദ്രശേഖരനൊപ്പം 15 ഗജനിരകളും അണിനിരന്നതോടെയാണ് തെക്കോട്ടിറക്കം തുടങ്ങിയത്. ആദ്യം പാറമേക്കാവ് വിഭാഗമാണ് പുറത്തിറങ്ങിയത്. പിന്നാലെ തിരുവമ്പാടിയും. വൈകിട്ട് അഞ്ചിന് പാണ്ടിമേളം കൊട്ടിയാണ് തെക്കോട്ടിറക്കം തുടങ്ങിയത്. കോർപ്പറേഷന് മുന്നിലെ കൊച്ചി രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊണ്ടു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തി. തുടർന്നായിരുന്നു ജനസാഗരത്തെ ആനന്ദത്തിലാറാടിച്ച് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും.

പുലർച്ചെ നഗരത്തിലെത്തുന്ന ആദ്യ പൂരക്കാഴ്ചയായി കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിൽ ആദ്യമെത്തി. മേളഅകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് വടക്കുംന്നാഥ സന്നിധിയിലെത്തിയത്. ഏഴരയോടെ തിരുവമ്പാടി പുറപ്പാട് എഴുന്നള്ളത്ത് നടന്നു. ഉച്ചയ്‌ക്ക് 12.15ഓടെ മണിയോടെ പാറമേക്കാവിന്റെ പുറപ്പാടും കഴിഞ്ഞു.

11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളത്തിൽ തിരുവമ്പാടിക്ക് ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് ഗജപ്രേമികളുടെ പ്രിയതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

ഉച്ചയ്ക്ക് രണ്ടോടെ വടക്കുംനാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 കലാകാരന്മാരുടെ ഗംഭീര ഇലഞ്ഞിത്തറമേളം നടന്നു. നാളെ പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് ഏവരും കാത്തിരിക്കുന്ന വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POORAM, THRISSUR POORAM, KUDAMATTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA