
കൊച്ചി: ചെയ്യാത്ത നിയമ ലംഘനങ്ങളുടെ പേരിൽ പിഴയടപ്പിക്കുന്ന തട്ടിപ്പുകൾ സജീവമാകുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിനോട് സാദൃശ്യമുള്ള പേയ്‌മെന്റ് പോർട്ടൽ ഉപയോഗിച്ചാണ് പണം തട്ടുന്നത്. ഗതാഗതക്കുരുക്കുള്ള റോഡുകളിൽപ്പെട്ട് അറിയാതെ ഗതാഗത നിയമം ലംഘിച്ചതാകാമെന്ന് ഭയപ്പെട്ട് പലരും ഈ വ്യാജ പിഴ അടയ്‌ക്കാറുണ്ട്. 500 രൂപ മുതലാണ് പിഴ ആരംഭിക്കുന്നത്. ചെറിയ തുകയായതിനാൽ പലരും പരാതിപ്പെട്ടിട്ടില്ല.
പിഴ ഉടൻ അടച്ചില്ലെങ്കിൽ കൂടുതൽ പണം ഈടാക്കും, വാഹനരേഖകൾ റദ്ദാക്കും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് എസ്എംഎസ് ആയോ വാട്‌സാപ്പിലോ ആകാം എത്തുന്നത്. ഈ സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകൾ വഴി പിഴയൊടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ നിന്നോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിൽ നിന്നോ മറ്റ് അനധികൃത മാർഗങ്ങളിലൂടെയോ ആണ് തട്ടിപ്പുകാർ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ശേഖരിക്കുന്നത്. നിങ്ങൾക്ക് ഇത്തരം സന്ദേശം വന്നാൽ ഉടൻതന്നെ പരിവാഹൻ പോർട്ടലിൽ പരിശോധിച്ച് വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |