
മലപ്പുറം: ഉപയോഗശൂന്യമായ കുളത്തില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ അരീക്കോടുള്ള കുളത്തില്‍ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം ലഭിച്ചത്. കാവനൂര്‍ ഇരിവേറ്റിയിലെ ചാത്തന്‍പാറയിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്‌നാന്‍ എന്നിവരാണ് മരിച്ചത്. ഗൂഡല്ലൂര്‍ സ്വദേശിയായ ബാവയുടെ മക്കളാണ് മരിച്ച കുട്ടികള്‍.
വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികള്‍ പിന്നീട് കളിക്കാനായി പുറത്തേക്ക് പോയിരുന്നു. സാധാരണ തിരിച്ചെത്തുന്ന സമയമായിട്ടും മടങ്ങിയെത്താതായതോടെയാണ് സംശയം തോന്നിയത്. വര്‍ഷങ്ങളായി ഇരിവേറ്റിയിലാണ് ബാവയും കുടുംബവും താമസിക്കുന്നത്.
കുട്ടികളെ പരിസരത്തെങ്ങും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരിവേറ്റി വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുട്ടികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |