
തിരുവനന്തപുരം: '10 വർഷം എൽ.ഡി.എഫ് ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളത്. തമിഴ്നാട്ടിൽ നിന്ന് പൊലീസിനെ ഇറക്കിയിട്ടില്ല""- പൊലീസ് അതിക്രമത്തിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. നിയമസഭയുടെ ഹ്രസ്വകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷം പ്രതിപക്ഷം ഉന്നയിച്ചത്.
പൊലീസ് അക്രമം നടത്തിയെന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു. പൊലീസ് അച്ചടക്കം പാലിക്കാതെ മുന്നോട്ട് പോകാൻ അനുവദിക്കില്ല. ഒരു വിദ്യാർത്ഥിയുടെ തലയ്ക്കും അടിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ തിരുവനന്തപുരത്ത് സർക്കാർ സ്‌പോൺസേർഡ് നരനായാട്ടാണ് നടന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി. ജോയ് ആരോപിച്ചു. കന്റോൺമെന്റ് എസ്.ഐ ഗോകുൽ 34 സെക്കൻഡിൽ 26 തവണയാണ് വിദ്യാർത്ഥികളെ തലയ്ക്ക് അടിച്ചത്. ഒടിഞ്ഞ ലാത്തി ഉയർത്തിക്കാട്ടിയായിരുന്നു വി. ജോയിയുടെ ആരോപണം. തുടർന്ന് ലാത്തിയുടെ ഭാഗം വാങ്ങാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാച്ച് ആൻഡ് വാർഡിനോട് നിർദ്ദേശിച്ചു. അത് പരിശോധിക്കുമെന്നും സ്പീക്കർ അറിയിച്ചു.
'പൊലീസിനെ കടകംപള്ളി ഭീഷണിപ്പെടുത്തി""
കന്റോൺമെന്റ് സി.ഐയും എസ്.ഐയും ഇല്ലാതാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ 'രക്ഷാപ്രവർത്തനം" എന്ന പേരിൽ ക്രൂരമർദ്ദനമേറ്റ എ.ഡി. തോമസ് ഈ സഭയിലുണ്ട്. 'നിങ്ങളും ആഭ്യന്തരമന്ത്രിയായിരുന്ന ആളല്ലേ. ലാത്തിച്ചാർജ്ജിന്റെ പേരിൽ പൊലീസുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും, കൊല്ലുമെന്ന് പറയുന്നത് ശരിയാണോ"- പിണറായിയോടും ചെന്നിത്തല ചോദിച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. അത് തടയുകയാണ് പൊലീസ് ചെയ്തത്. ഹോസ്റ്റലിൽ കാലങ്ങളായി താമസിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി അക്കാര്യം പരിശോധിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. പിന്നാലെ ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽവാഗ്വാദമുണ്ടായി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |