SignIn
Kerala Kaumudi Online
Sunday, 12 July 2026 2.11 AM IST

വിയറ്റ് നാമിൽ ബോട്ട് ദുരന്തം: മലയാളി ദമ്പതികൾ അടക്കം 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

vietnam


മരിച്ചത് കൊട്ടാരക്കര വിക്ടറി ഗ്രൂപ്പ് ഉടമയും ഭാര്യയും
ടൂർ സംഘടിപ്പിച്ചത് ലാവ സ്മാർട്ട് ഫോൺ കമ്പനി

ഹാനോയ്: തെക്കൻ വിയറ്റ്നാമിൽ ബോട്ട് കടലിൽ മുങ്ങി മലയാളി ദമ്പതികൾ അടക്കം 15 ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം.

കൊല്ലം കൊട്ടാരക്കര ചന്തമുക്ക് ആവിയോട്ട് വീട്ടിൽ വിക്ടറി ഗ്രൂപ്പ് ഉടമ എ.സി.തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരാണ് മരിച്ച മലയാളികൾ.

ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോൺ ലാവയുടെ ബിസിനസ് പ്രമോഷന്റെ ഭാഗമായി കമ്പനി സംഘടിപ്പിച്ചതായിരുന്നു ടൂർ. മരിച്ചവരിൽ പത്ത് പേർ തമിഴ് നാട്ടുകാരും മൂന്ന് പേർ ആന്ധ്രാ സ്വദേശികളുമാണ്. 21 പേരെ രക്ഷിച്ചു. 36 പേരുമായി സഞ്ചരിച്ച ബോട്ടിൽ തദ്ദേശീയരായ നാല് ക്രൂ അംഗങ്ങൾ ഒഴികെ എല്ലാവരും ഇന്ത്യക്കാരായിരുന്നു.

എ.സി.തോമസിന്റെ ഉടമസ്ഥതയിലുള്ള വിക്ടറി ഗ്രൂപ്പ്

മരുന്നുകളുടെയും സർജിക്കൽ ഉപകരണങ്ങളുടെയും ഹോൾസെയിൽ വ്യാപാരം, പെട്രോൾ പമ്പ്, ദന്തൽ ക്ലിനിക് എന്നിവയ്ക്കു പുറമേ, വിവിധ മൊബൈൽ ഫോണുകളുടെ ഫ്രാഞ്ചൈസി നടത്തുന്നുണ്ട്. എ.ടി.ചെറിയാൻ (ബിസിനസ്), ഐശ്വര്യ എന്നിവർ മക്കളും മാഗി ചെറിയാൻ, അരുൺ ഈപ്പൻ (ബിസിനസ്) എന്നിവർ മരുമക്കളുമാണ്.

ലാവയിലെ കോർപറേറ്റ് ടീം അംഗങ്ങളും പ്രാദേശിക വിതരണക്കാരും റീട്ടെയ്ൽ ചാനൽ പങ്കാളികളും കുടുംബാംഗങ്ങളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതേ യാത്രയുടെ ഭാഗമായ മറ്റുള്ളവർ രണ്ട് ബോട്ടുകളിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്.

തലകീഴ് മറിഞ്ഞു

ഫൂ ക്വോക്ക് ദ്വീപിന് സമീപമായിരുന്നു അപകടം. ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ഹോൺമേ റൂട്ട് എൻഗോയ് ദ്വീപ് സന്ദർശിച്ച ശേഷം സഞ്ചാരികളുമായി അൻതോയ് തുറമുഖത്തേക്ക് പോവുകയായിരുന്നു ബോട്ട്. ശക്തമായ തിരയിലും കാറ്റിലും പെട്ട് ഹോൺമേ റൂട്ട് എൻഗോയ് ദ്വീപിന് ഏകദേശം 400 മീറ്റർ അകലെവച്ച് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിനുള്ളിൽ കുടുങ്ങിയവരാണ് മരിച്ചവരിൽ ഏറെയും.

കോസ്റ്റ് ഗാർഡും നേവിയും എത്തുംമുമ്പേ മറ്റു ടൂറിസ്റ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ മറ്റുള്ളവരെ രക്ഷിക്കാനായി. വിയറ്റ്നാം അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

 വിയറ്റ്നാമിലെ

ഇന്ത്യൻ എംബസി

കൺട്രോൾ റൂം -

+84 36 281 7930, +84 91 552 37 14, +84 33 452 0414 (ഹോചിമിൻ സിറ്റി),

+84 91 308 9165 (ഹാനോയ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIETNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA