SignIn
Kerala Kaumudi Online
Thursday, 10 September 2026 6.20 AM IST

'ഒറ്റയ്‌ക്ക് വന്നാൽ ഒപ്പം കൂട്ടാം, തൃണമൂലിനൊപ്പം വേണ്ട'; അൻവറുമായി ചർച്ചയ്‌ക്കൊരുങ്ങി കോൺഗ്രസ്

READ ENGLISH VERSION
pv-anvar

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാതെ പിവി അൻവറിനെ യുഡിഎഫിലെടുക്കാമെന്ന് തീരുമാനിച്ച് കോൺഗ്രസ്. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ചുനിൽക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് ഒരുമിച്ചുപോകാനാകില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് കണക്കിലെടുത്താണ് തീരുമാനം.

ഈ മാസം 23ന് അൻവറുമായി കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തും. അപ്പോൾ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. എന്നാൽ, പിവി അൻവറിന് ഒറ്റയ്‌ക്ക് യുഡിഎഫുമായി സഹകരിക്കാൻ സാദ്ധ്യമല്ലെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മറ്റന്നാളത്തെ യോഗത്തിലാവും തൃണമൂൽ നിലപാട് അറിയിക്കുക. വിഎസ്‌ ജോയിയോടാണ് താൽപ്പര്യമെങ്കിലും യുഡിഎഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്‌ക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അൻവർ നേരത്തേ അറിയിച്ചിരുന്നു. പകരം, ഉപതിര‌ഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.

ദേശീയതലത്തിൽ ഇന്ത്യാസഖ്യം രൂപീകരിക്കാൻ കോൺഗ്രസും തൃണമൂലും ഒന്നിച്ച് നിന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെറ്റിപ്പിരിഞ്ഞിരുന്നു. കോൺഗ്രസിനൊപ്പം സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച തൃണമൂൽ നേതാവ് മമത ബാനർജി, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്‌‌ക്കാണ് മത്സരിച്ചത്. മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കോൺഗ്രസിനെ തൃണമൂൽ രൂക്ഷമായി വിമർശിച്ചതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.

അവസരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തിൽ ഒന്നിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഒറ്റയ്‌ക്ക് വന്നാൽ ഒപ്പം കൂട്ടാമെന്ന് കോൺഗ്രസ് നിലപാടിൽ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അൻവർ തീരുമാനമെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV ANVAR, CONGRESS, BYELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA