
തിരുവനന്തപുരം: സി.പി.ഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. വിഭാഗീയമായി ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരങ്ങൾ പാടില്ലെന്നാണ് നിർദേശം. വിഭാഗീയ മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തൃശൂരിൽ നടന്ന സംസ്ഥാന കൗൺസിൽ അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും ജനറൽ ബോഡി യോഗത്തിലാണിത്.
കഴിഞ്ഞ തവണ എറണാകുളം,കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ വിഭാഗീത ശക്തമായിരുന്നു. ചേരി തിരിഞ്ഞുള്ള മത്സരമാണ് നടന്നത്. ഇത്തരം നീക്കങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിർദേശം.വിമത നീക്കങ്ങൾ ചെറുക്കാനാണ് നിർദ്ദേശമെങ്കിലും മത്സരം പൂർണമായും നിരുത്സാഹപ്പെടുത്താൻ ഭരണഘടനാപരമായി കഴിയില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഉൾപാർട്ടി ജനാധിപത്യ അവകാശങ്ങൾ ഭരണഘടനയിലുള്ളതിനാൽ ഇക്കാര്യം സർക്കുലറായി പ്രസിദ്ധീകരിക്കാനും സാദ്ധ്യതയില്ല . സംസ്ഥാന കൗൺസിൽ യോഗ തീരുമാനമുണ്ടായാൽ മാത്രമേ സർക്കുലറായി ഇറക്കാനും കഴിയൂ . ചില ജില്ലകളിൽ ഔദ്യോഗിക പക്ഷത്തിനെതിരെ നീക്കങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ജനറൽ ബോഡിയിൽ ഇത്തരമൊരു നിർദ്ദേശം . കെ.ഇ. ഇസ്മയിൽ അടക്കം പല നേതാക്കളും വിമത നീക്കം നടത്തുമോയെന്ന സംശയം ഒദ്യോഗിക നേതൃത്വത്തിനുണ്ട്.സി.പി.ഐയിൽ ലോക്കൽ സമ്മേളനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആഗസ്റ്റിലാണ് ജില്ലാ സമ്മേളനങ്ങൾ . സെപ്തംബറിലാണ് സംസ്ഥാന സമ്മേളനങ്ങൾ തീരുമാനിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |