
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവരുടെ റിമാൻഡ് സെപ്തംബർ ഒന്നുവരെ നീട്ടി. ജാമ്യ ഹർജിയിൽ 22ന് വിധി പറയും.
ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേർത്തത്. 2019ലെ സ്വർണാപഹരണം മറച്ചു വയ്ക്കാനാണ് 2025ൽ വീണ്ടും സ്വർണം പൂശാൻ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ മറ്റ് പ്രതികളുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് പ്രതിഭാഗം വാദം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയിരുന്നു.
പോറ്റിയും അജികുമാറും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം എതിർത്തു. പോറ്റിയുടെ വീടിന് അടുത്തുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ പോലും ടവർ ലൊക്കേഷനിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതിഭാഗം വാദം. പ്രശാന്തിനും അജികുമാറിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജനും പ്രതിഭാഗത്തിനായി അഭിഭാഷകരായ ബി. രാമൻപിള്ള, ഓച്ചിറ അനിൽകുമാർ, സി.ഡി. അനിൽ എന്നിവരും ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |