
ന്യൂഡൽഹി: എസ്.ഐ.ആർ വിഷയത്തിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം. വിശാല ഐക്യത്തിനായി 30ന് 'ഇന്ത്യ' മുന്നണി യോഗം ചേരും. ഗ്യാനേഷ് വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരും.
പിടിച്ചു നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇലക്ഷൻ കമ്മിഷൻ അടിയന്തര യോഗം ചേർന്ന് എസ്.ഐ.ആറിൽ ചില ഇളവുകൾ പ്രഖ്യാപിച്ചത്.
ഗ്യാനേഷിന്റെ രാജിക്ക് കോക്രോച്ച് ജനതാ പാർട്ടി അനുവദിച്ച സമയ പരിധി ഇന്നലെ അവസാനിച്ചു. ഒക്‌ടോബർ രണ്ടുമുതൽ മുംബയിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 30ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ ചേരുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്(എസ്.പി), മമതാ ബാനർജി(തൃണമൂൽ), തേജസ്വി യാദവ് (ആർ.ജെ.ഡി, ഉദ്ധവ് താക്കറെ (ശിവസേന) തുടങ്ങിയവർ പങ്കെടുക്കും. ഡി.എം.കെയുടെ നിലപാട് വ്യക്തമല്ല. പാർലമെന്റിൽ ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം, സംയുക്ത പ്രക്ഷോഭം തുടങ്ങിയവ ചർച്ച ചെയ്യും.
ഒന്നിച്ച് സി.പി.എമ്മും തൃണമൂലും
പശ്ചിമബംഗാളിലെ രാഷ്‌ട്രീയ വൈരികളായ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും ഗ്യാനേഷ് കുമാറിനെതിരെ ഒന്നിക്കും.
വിശാല പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കുള്ള ശ്രമത്തെ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സ്വാഗതം ചെയ്‌തെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. തന്റെ കത്തിനോട് അനുകൂലമായി പ്രതികരിച്ച മമത ഫോണിൽ സംസാരിച്ചെന്നും വെളിപ്പെടുത്തി. ഇന്നലെയും മമത ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
വിഷയാധിഷ്ഠിത ആശയവിനിമയമാണെന്നും വിശാലമായ രാഷ്ട്രീയ ധാരണയിലേക്ക് നയിക്കുമോ എന്നുറപ്പില്ലെന്നും എം.എ.ബേബി പറഞ്ഞു. ബി.ജെ.ഡി, ടി.വി.കെ തുടങ്ങിയ പാർട്ടികൾക്കും സി.പി.എം കത്തെഴുതി.
എൻ.ഡി.എയിലെ ജെ.ഡി.എസും
ഗ്യാനേഷ് കുമാറിനെതിരെ
എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസും ഗ്യാനേഷ് കുമാറിന് എതിരെ രംഗത്തുവന്നു. ഭിന്നതയുണ്ടെന്ന വാർത്തകളുടെ വസ്‌തുത വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമി പറഞ്ഞു. കമ്മിഷനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയേണ്ടതുണ്ട്. കമ്മിഷൻ അംഗങ്ങൾക്കിടയിൽ പ്രശ്‌നമുണ്ടോ എന്ന് വ്യക്തമാക്കണം. ഇത് ഏതെങ്കിലും പാർട്ടിയുടെയോ നേതാവിന്റെയോ ആവശ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഡി.എ കക്ഷികളായ ചിരാഗ് പാസ്വാന്റെ എൽ.ജെ.പി, ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എം, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്നിവയും ഭിന്നത വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |