
പത്തനംതിട്ട: പീഡനക്കേസുകളിൽ കുടുങ്ങി കോൺഗ്രസിൽ നിന്ന് പുറത്തായ യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പ്രവർത്തനവുമായി കളം പിടിക്കുന്നതിന്റെ പേരിൽ കോൺഗ്രസിൽ വാക്പോര്. കേസുകളിൽ അനുകൂല വിധി നേടിയാൽ രാഹുലിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായം എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വങ്ങളിൽ രൂപപ്പെടുന്നുണ്ട്. അടൂർ കേന്ദ്രീകരിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംഘടിപ്പിച്ചാണ് രാഹുലിന്റെ ഇപ്പോഴത്തെ പ്രവർത്തനം.
രാഹുൽ കോൺഗ്രസുകാരൻ തന്നെയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അടൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പരസ്യ വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ തിരിച്ചെടുക്കരുതെന്ന നിലപാടുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനൊപ്പമാണ് ബ്ളോക്ക് കമ്മിറ്റി. അടൂരിലുണ്ടായ ഡി.വൈ.എഫ്.ഐ -യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഇടപെട്ടു കൊണ്ടാണ് രാഹുൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കെ.എസ്.യു പ്രവർത്തകന് മർദ്ദനമേറ്റതിനെ ചോദ്യം ചെയ്ത രാഹുലിനെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചതിന് രാഹുലിനെ ഒന്നാംപ്രതിയാക്കി അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതികളുമായുള്ള അശ്ളീല ചാറ്റ് , പീഡന പരാതി എന്നിവയെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വച്ച രാഹുൽ മാങ്കൂട്ടത്തിലിനെ 2025 ആഗസ്റ്റിലാണ് കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. ഡിസംബറിൽ പുറത്താക്കി.
'ഞാൻ കോൺഗ്രസിൽ നിന്ന് മാറിയിട്ടില്ല, സഹപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായാൽ പ്രതികരിക്കും".
-രാഹുൽ മാങ്കൂട്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |