
തിരുവനന്തപുരം:പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ.സുരേഷ്ബാബുവിനെതിരെയുളള ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ, വനിതാനേതാക്കൾ സംസ്ഥാനനേതൃത്വത്തിനെതിരെ പരോക്ഷവിമർശനം ഉന്നയിച്ചതോടെ സി.പി.എമ്മിൽ അമർഷം പുകയുന്നു.
സുരേഷ്ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ് ഇവരുടെ നിലപാട്.
ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്നും മാറ്റിയെങ്കിലും ജില്ലാസെക്രട്ടേറിയറ്റിലും സംസ്ഥാനകമ്മിറ്റിയിലും സുരേഷ്ബാബു തുടരുന്നുണ്ട്. ഇത് ഉയർത്തിയാണ് സി.പി.എമ്മിനെതിരെ കോൺഗ്രസിൻറെ ആക്രമണം. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിലും പ്രതിഷേധം ശക്തമാകുന്നത്. കഴിഞ്ഞദിവസം രൂക്ഷവിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ഇന്നലെയും നിലപാട് ആവർത്തിച്ചു. പാർട്ടിയിൽ സ്ത്രീകൾക്കെതിരെയും പെൺകുട്ടികൾക്കെതിരെയും ആര് അതിക്രമം കാണിച്ചാലും അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് പി.കെ.ശ്രീമതി വ്യക്തമാക്കിയത്.
ആദ്യം രംഗത്തുവന്നത് സി.പി.എം നേതാവ്
സുജ സൂസൻജോർജ്ജായിരുന്നു. ലൈംഗികാതിക്രമം ഗൗരവമായ കുറ്റമാണെന്നും
നീതിന്യായസംഹിത നിർദ്ദേശിക്കുന്ന നിയമനടപടികൾക്ക് വിധേയമാക്കണമെന്നായിരുന്നു ഫേസ്ബുക്കിൽ അവർആവശ്യപ്പെട്ടത്.
പരസ്യപ്രതികരണമില്ലെങ്കിലും മറ്റ് വനിതാനേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. പെൺകുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ, തങ്ങളെല്ലാവരും പെൺകുട്ടികൾക്കൊപ്പമേ നിന്നിട്ടുള്ളൂവെന്നും തന്റെ അറിവിൽ സുരേഷ്ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രകമ്മിറ്റിഅംഗം കെ.കെ. ശൈലജയുടെ നിലപാട്. പി.സതീദേവി, സി.എസ്.സുജാത ഉൾപ്പെടെയുള്ള നേതാക്കൾ സുരേഷ്ബാബുവിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് നിലപാടിലാണ്. നടപടിയെടുത്തില്ലെങ്കിൽ തെറ്റുതിരുത്തൽ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയില്ലെന്നാണ് വാദം. വിപുലീകൃത ജില്ലാകമ്മിറ്റികൾ ഈ മാസം അവസാനിക്കും. ഇതിനുശേഷം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സുരേഷ്ബാബുവിനെതിരായ പരാതി പരിഗണിച്ച് പരിശോധന നടത്തിയ ശേഷമാകും നടപടി.
പരാതികളിൽ പാർട്ടിക്ക് നിലപാടുണ്ടെന്നും ആദ്യം അന്വേഷണം നടത്തുക പാർട്ടിയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിഅംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ചായിരിക്കും നടപടിയെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |