
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, എസ്.യു.സി.ഐ തുടങ്ങിയവരും കോൺഗ്രസും ബി.ജെ.പിയുമൊക്കെ ചേരുന്ന മഴവിൽ സഖ്യത്തിന്റേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ. ജനാധിപത്യ സമൂഹത്തിൽ സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആശാവർക്കർമാരുടെ സമരത്തിന്റെ ലക്ഷ്യമെന്തെന്ന് സി.പി.എമ്മിന് വ്യക്തമായ ധാരണയുണ്ട്. ഇടതുസർക്കാരിനെയും സി.പി.എമ്മിനെയും ഇല്ലാതാക്കാനാണ് മാദ്ധ്യമങ്ങളും ഒരു വിഭാഗവും ശ്രമിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആശവർക്കർമാർ ദേശവ്യാപകമായി സമരം നടത്തുന്നുണ്ട്. അവരെ തൊഴിലാളികളാക്കണമെന്നും 26,000 രൂപ നൽകണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നുണ്ട് അതൊക്കെ ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. അവർ തീരുമാനം എടുത്തുകഴിഞ്ഞാൽ കേരളത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. 26,000 തൊഴിലാളികളുള്ളതിൽ ഒരു ശതമാനം പോലും സമരത്തിലില്ല. അതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല.
മാർച്ച് 31ന് കേരളം സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഈ മാസം 25 മുതൽ 31 വരെ ഒരാഴ്ചക്കാലം ബ്രാഞ്ചുതലത്തിൽ പാർട്ടി ഇടപെടൽ നടത്തും. 38,4000 ബ്രാഞ്ചുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലോക്കൽ, ഏരിയ ജില്ലാ കമ്മിറ്റികൾ നേതൃത്വം നൽകും.മാലിന്യ നിർമാർജ്ജനം തുടർപ്രക്രിയയായി നടത്തും. സർക്കാരിന്റെ നാലാം വാർഷികം സംസ്ഥാനത്തിന് പ്രയോജനപ്പെടും വിധം നല്ല നിലയിൽ നടത്തും.
വീണ പോയത് മന്ത്രിയെ കാണാനല്ല
തിരുവനന്തപുരം:മന്ത്രി വീണാജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനല്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ക്യൂബൻ പ്രതിനിധി സംഘവുമായുള്ള ചർച്ചയ്ക്കാണ് പോയത്. ആശാവർക്കർമാരുടെ സമരം പ്രധാനപ്പെട്ട വിഷയമായതിനാൽ മന്ത്രിയെ കാണാൻ അനുമതി തേടി. മന്ത്രി കാണണമെന്നു പറഞ്ഞാൽ കേന്ദ്ര മന്ത്രി സമയം നൽകുന്നതാണ് പതിവ്. ഇവിടെ അതുണ്ടായില്ല. കാണാൻ തയ്യാറാകാത്ത കേന്ദ്ര മന്ത്രിയെ മാദ്ധ്യമങ്ങൾ വിമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |