SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.22 PM IST

അൻവറിന് വിവരം ചോർത്തിയ ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

READ ENGLISH VERSION
pv-anwar

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണത്തിന്റെ രഹസ്യരേഖകൾ എം.എൽ.എയായിരുന്ന പി.വി.അൻവറിന് ചോർത്തി നൽകിയ ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ച് ഡിവൈ.എസ്.പി എം.ഐ.ഷാജിയെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഷാജി, മേലുദ്യോഗസ്ഥരോടുള്ള പ്രതികാരം തീർക്കാൻ അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന് രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.

ഷാജിയുടെ ടൂർ നോട്ട്, വെഹിക്കിൾ ഡയറി, വീക്ക്ലി ഡയറി, സ്വകാര്യ നമ്പറിലെ ഫോൺവിളി രേഖകൾ എന്നിവ പരിശോധിച്ചപ്പോൾ ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരേ രഹസ്യനീക്കം നടത്തിയതായി കണ്ടെത്തി.അന്വേഷണ റിപ്പോർട്ട് സെൻസേഷൻ കേസിലെ പുറത്ത് നൽകിയത് മുതിർന്ന ഉദ്യോഗസ്ഥനോടുള്ള പ്രതികാരം തീർക്കാനാണ്. മറ്റൊരാളുടെ വിലാസത്തിലെടുത്ത സിം കാർഡ് ഷാജി ഉപയോഗിച്ചതായും കണ്ടെത്തി.

രഹസ്യരേഖയായ അന്വേഷണ റിപ്പോ‌ർട്ടുകൾ, പി.വി അൻവർ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പൊലീസുദ്യോഗസ്ഥർക്കെതിരേ ആരോപണമുന്നയിച്ചു. രേഖകൾ ചോർന്നതിൽ ഷാജിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് അച്ചടക്ക നടപടിയെടുക്കാൻ ഡിജിപി ശുപാർശ ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഷാജി കുറ്റക്കാരനാണെന്ന് കണ്ടാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ പാനൽ ഡിജിപി ഉടൻ നൽകാനും നിർദ്ദേശിച്ചു. ആരോപണമുയർന്നപ്പോൾ തിരുവനന്തപുരത്ത് കൺട്രോൾ റൂമിലായിരുന്ന ഷാജിയെ കാസർകോട്ടേക്ക് മാറ്റിയിരുന്നു.

തീവയ്പ്പ് കേസിൽ അൻവർ പറഞ്ഞത്

ആശ്രമം കത്തിച്ച കേസിൽ പൊലീസ് കേസ് വഴി തിരിച്ചുവിട്ടു. പ്രതികളെ രക്ഷിക്കാൻ ശ്രമമുണ്ടായി. കേസന്വേഷിച്ച ഡിവൈ.എസ്.പി. വിരമിച്ചശേഷം ബിജെപിയുടെ ബൂത്ത് ഏജന്റായി. സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് പ്രചരിപ്പിച്ചു. ഒരുഘട്ടത്തിൽ സന്ദീപാനന്ദഗിരിയെ കേസിൽ കുടുക്കാൻവരെ നോക്കി. സ്വാമിക്ക് പേരെടുക്കാൻ വേണ്ടിയാണ് ആശ്രമം കത്തിച്ചതെന്ന പ്രചാരണമുണ്ടായി. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. കേസ് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി എം.ആർ.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തിൽ മുക്കി. ഇപ്പോഴും റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PVANWAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA