
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ദേശീയനേതൃത്വമാണ് തീരുമാനിക്കുന്നതെന്നും പാർട്ടിക്കും മുന്നണിക്കും പുറത്തു നിൽക്കുന്നവർ അഭിപ്രായം പറയേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഡോ. രവിപിള്ളയെ ആദരിക്കാൻ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി നടത്തിയ പരിഹാസത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ താൻ ഉൾപ്പെടെയുള്ള ഒരാളും മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല. പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. 2006ലെ കാര്യം എല്ലാവർക്കും ഓർമ്മയുണ്ട്. അന്ന് വി.എസ്.അച്യുതാനന്ദന് സീറ്റ് കൊടുക്കാതിരിക്കാൻ ശ്രമിച്ച്, പിന്നീട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് സീറ്റും വാങ്ങി ഇവിടെ വി.എസ് ലാൻഡ് ചെയ്തത് ഓർമ്മയുണ്ടല്ലോ. എന്നിട്ട് അദ്ദേഹം മുഖ്യമന്ത്രിയായി. ആ അഞ്ചുവർഷം നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. 2011ൽ വി.എസ് വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് തോന്നിയപ്പോൾ ഭരണം തന്നെ വേണ്ടെന്നുതീരുമാനിച്ച ആളാണ് പിണറായി വിജയൻ. ഞങ്ങൾക്ക് അധികം ക്ലാസെടുക്കാൻ വരരുത്. വി.എസും പിണറായി വിജയനും തമ്മിൽ നടന്നതൊന്നും ഞങ്ങളുടെ പാർട്ടിയിൽ നടക്കില്ല. ഞങ്ങളുടേത് ദേശീയ പാർട്ടിയാണ്. സി.എസ്.ആർ ഫണ്ട് തട്ടിപ്പ് നടത്തിയ ആളുടെ ലീഗൽ അഡ്വൈസറായിരുന്നു ലാലി വിൻസെന്റ്. ലീഗൽ അഡ്വൈസർക്കെതിരെ കേസെടുത്തത് കോൺഗ്രസും ഉണ്ടെന്ന് കാണിക്കാനായിരിക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |