
തിരുവനന്തപുരം:നികുതി ഭാരം അടിച്ചേൽപ്പിക്കാതെ ഖജനാവ് നിറയ്ക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് മനസിലായില്ലെന്നും, അതു കൊണ്ടാണ് പരിധി വിട്ട് കടമെടുക്കുന്നുവെന്ന് വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായ്പാ പരിധി 3.5%ൽ നിന്ന് 3%ആയി കേന്ദ്ര സർക്കാർ കുറച്ചിരിക്കുകയാണ്. പിന്നെങ്ങനെയാണ് പരിധി വിട്ട് കടമെടുക്കുക.മുൻ സർക്കാരിന് കിട്ടിയിരുന്ന 55000 കോടിയുടെ റവന്യു കമ്മി ഗ്രാന്റും ,നികുതി ഡെവല്യൂഷനായ 14000 കോടിയും കിട്ടിയില്ല.മുൻ സർക്കാർ വരുത്തി വച്ച 38000 കോടിയുടെ കുടിശികയിൽ നല്ലൊരു ഭാഗം ഓണക്കാലത്ത് സർക്കാർ കൊടുത്തു . ഓണം കളറായി. നികുതി വരുമാനം നല്ല രീതിയിൽ ഉയർന്നു.. .അങ്ങനെയാണ് നികുതി വരുമാനം കൂട്ടി ഖജനാവ് നിറയ്ക്കുക.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ കച്ചവടം കൂട്ടാനും , നികുതി വരുമാനം വർദ്ധിപ്പിക്കാനുമായി.. ജനങ്ങളെ നോവിക്കാതെ നികുതി പിരിക്കണം.അത് പ്രതിപക്ഷ നേതാവിന് മനസിലാകില്ല.
പ്രിയദർശിനി സൗജന്യ യാത്ര നൽകിയിട്ടും കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് കളക്ഷനാണ്.സിവിൽ സപ്ളൈസിൽ ഓണക്കാലത്ത് 13 അവശ്യവസ്തുക്കളും സംസ്ഥാനം മുഴുവൻ ലഭ്യമായി. കഴിഞ്ഞ സർക്കാരിന്റെ കടമടക്കം ഞങ്ങൾ മാർക്കറ്റിലേക്ക് പൈസ പമ്പ് ചെയ്തു. ആളുകളുടെ കൈയിൽ വന്ന പണം ചെലവാക്കി. അത് നികുതിയായി തിരിച്ചു കിട്ടി- മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായി ഒത്തുകളിച്ചത് പിണറായി
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണറുമായി ധാരണയുണ്ടാക്കി വി.സി നിയമനം നടത്തിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണെന്നും നിയമനം നടന്നുകഴിഞ്ഞതിനാൽ കേസ് തുടരുന്നതിൽ പ്രസക്തിയില്ലെന്നും അനാവശ്യചെലവാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
വി.സി നിയമനം സംബന്ധിച്ച കേസ് അവസാനിപ്പിച്ച് സർവകലാശാലകളിൽ കാവിവത്കരണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന പിണറായിയുടെ ആരോപണത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഗവർണറുമായുള്ള തർക്കം ഒഴിവാക്കാൻ അദ്ദേഹവുമായി പിണറായി വിജയൻ ധാരണയുണ്ടാക്കി വി.സി.നിയമനം നടത്തി. സുപ്രീംകോടതിയിൽ കേസ് തുടരുകയും ചെയ്തു. ഈ വിചിത്ര നടപടിയാണ് സർക്കാർ അവസാനിപ്പിച്ചത്. ഇതെല്ലാം ചെയ്തശേഷം പ്രതിപക്ഷ നേതാവായപ്പോൾ വിമർശിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
'വന്ദേമാതരം പാടിയത് നയം മാറ്റമല്ല"
ഓണം വാരാഘോഷ സമാപനച്ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടിയത് യു.ഡി.എഫിന്റെ നയം മാറ്റമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി പങ്കെടുത്തത് കണക്കിലെടുത്താണ് അങ്ങനെ ചെയ്തത്. രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ കേന്ദ്ര പ്രോട്ടോക്കോളാണ് പാലിക്കേണ്ടത്. അതുപ്രകാരം വന്ദേമാതരം പൂർണമായി പാടേണ്ടി വരും.
സർക്കാറിന്റെയും പാർട്ടിയുടെയും തീരുമാനം വന്ദേമാതരം ആദ്യത്തെ രണ്ട് ഖണ്ഡിക ചൊല്ലിയാൽ മതിയെന്നാണ്. അത് മാത്രമേ പാർട്ടി പരിപാടികളിൽ ഉൾപ്പെടെ ചൊല്ലൂ. അതിൽ കൃത്യമായ നയം കോൺഗ്രസിനുണ്ട്. അതാണ് ആഗസ്റ്റ് 15ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |