SignIn
Kerala Kaumudi Online
Sunday, 31 May 2026 10.42 PM IST

'സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ'; പിന്തുണയുമായി നടൻ ജോയ് മാത്യു

READ ENGLISH VERSION
joy-mathew

തിരുവനന്തപുരം: കാറിന് സൈഡ് നൽകാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് മേയർ ആര്യ രാജേന്ദ്രനും കുടുംബവും കെഎസ്ആർടിസി ബസിനെ തടഞ്ഞു നിറുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണ നൽകി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. 'സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ' എന്നാണ് ജോയ് മാത്യു കുറിച്ചത്. ജോയ് മാത്യുവിന്റെ പോസ്റ്റിന് നിരവധി പേരാണ് പിന്തുണച്ചത്.

അതേസമയം, മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഡിടിഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ യദുവിനെതിരെ പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന യദു മുമ്പും അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2022 യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2017ൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പേരൂർക്കട പൊലീസും യദുവിനെതിരെ കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടക്കുന്നത്. ബസ് തടഞ്ഞു നിറുത്തിയതിനെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡിൽ വാക്കേറ്റമുണ്ടായിരുന്നു. ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ളക്സിനു മുന്നിലെ സിഗ്നലിൽ വേഗതകുറച്ചപ്പോൾ കുറുകെയിട്ട് തടഞ്ഞത്.

തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ്രൈവർ യദു എച്ചിനെ അവിടെയെത്തിയ കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്നാണ് ബസ് തമ്പാനൂരിലെത്തിച്ചത്. ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമടക്കമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതൽ കാറിന് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAR, LATEST NEWS IN MALAYALAM, KERALA, INDIA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA