SignIn
Kerala Kaumudi Online
Friday, 29 May 2026 9.28 PM IST

സങ്കീർണമായ ശാസ്‌ത്രത്തെ സാധാരണക്കാരനിലേക്കെത്തിച്ചു; മലയാളികളുടെ ജിജ്ഞാസകൾക്ക് ഉത്തരം നൽകിയ യൂട്യൂബർ

jithinraj

മലയാളത്തിന്റെ ഡിജിറ്റൽ ലോകത്ത് ശാസ്‌ത്രത്തെ വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച ചില മുഖങ്ങളുണ്ട്. അവരിൽ ശ്രദ്ധേയനായ ഒരാളാണ് ജിതിൻരാജ് എന്ന ചെറുപ്പക്കാരൻ. ഇന്റർനെറ്റിൽ മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനലുകൾ തിരയുമ്പോൾ ആദ്യം എത്തുന്നത് ജിതിൻരാജിന്റെ ജെ ആർ സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലേക്കാകും. സങ്കീർ‌ണമായ ശാസ്‌ത്രവിഷങ്ങളെ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യൂട്യൂബർമാരിലൊരാളായി മാറിയ ആളാണ് ജിതിൻരാജ്. ശാസ്‌ത്രവും, ബഹിരാകാശവും ചരിത്രവുമെല്ലാം അദ്ദേഹം മലയാളികളോട് പങ്കുവയ്‌ക്കുന്നു. ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ചെറുപ്പക്കാരന്റെ സ്ഥിരതയുള്ള അദ്ധ്വാനത്തിന്റെയും അറിവിനോടുള്ള അടങ്ങാത്ത ദാഹത്തിന്റെയും കഥയാണത്.

മൈക്കിന് മുന്നിൽ നിന്ന് ക്യാമറയ്‌ക്ക് മുന്നിലേയ്‌ക്ക്

ചെറുപ്പം മുതൽതന്നെ മത്സരവേദികൾ ജിതിൻരാജിന് പ്രിയപ്പെട്ടവയായിരുന്നു. പ്രസംഗകലയിലും സംവാദകലയിലും മികവ് തെളിയിച്ച അദ്ദേഹം സംസ്ഥാനകലോത്സവങ്ങളിലടക്കം പങ്കെടുത്തിട്ടുണ്ട്. ആളുകളുടെ മുന്നിൽനിന്ന് ആശയങ്ങൾ പങ്കുവയ്‌‌ക്കാനുള്ള ആ ആത്മവിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായി മാറി. സ്വയം അവതതരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ യൂട്യൂബ്. എല്ലാദിവസവും ഇടവേളകളില്ലാതെ വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിട്ടും വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല. എന്നാൽ, നിരാശ അദ്ദേഹത്തെ പിന്നോട്ട് നയിച്ചില്ല. ഓരോ പരാജയവും അടുത്ത ശ്രമത്തിനുള്ള പ്രചോദനമായി മാറി. അങ്ങനെയൊരിക്കൽ 'ബ്ലാക്ക് ഹോളിലേക്ക് ചാടിയാൽ എന്ത് സംഭവിക്കും' എന്ന്‌ വിശദീകരിച്ച‌ ഒരു വീഡിയോ വൈറലായി. അതോടെ മുൻകാലങ്ങളിൽ ചെയ്‌ത വീഡിയോകളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആദ്യകാലങ്ങളിലെ അദ്ധ്വാനം ആഗ്രഹിച്ച ഫലം സമ്മാനിച്ചില്ലെങ്കിലും പരിശ്രമം ഉപേക്ഷിക്കരുതെന്നാണ് തന്റെ അനുഭവത്തിൽ നിന്നും ജിതിൻരാജ് സമൂഹത്തോട് പറയുന്നത്.

വഴിത്തിരിവായത്‌ മാദ്ധ്യമ പഠനം

ശാസ്‌ത്രജ്ഞനാകണമെന്നായിരുന്നു ജിതിൻരാജിന്റെ ചെറുപ്പംമുതലുള്ള ആഗ്രഹം. എന്നാൽ, ജീവിതം അദ്ദേഹത്തെ മറ്റൊരുവഴിയിലേക്കാണ് നയിച്ചത്. യൂട്യൂബ് വീഡിയോകൾ ചെയ്യുന്നതിനിടയിൽതന്നെ അദ്ദേഹം ജേർണലിസത്തിൽ ബിരുദാനന്തരബിരുദം നേടി. അതായിരുന്നു ജീവിതത്തിലെ നിർണായക വഴിത്തിരിവ്. ആശയവിനിമയത്തിന്റെ സാദ്ധ്യതകളും സാങ്കേതികതയുടെ ഉപയോഗവുമെല്ലാം അദ്ദേഹം കൂടുതൽ മനസിലാക്കി. ഒപ്പം പഠിച്ചിറങ്ങിയ സുഹൃത്തുക്കൾ വ്യത്യസ്‌തങ്ങളായ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിപ്പിച്ചപ്പോൾ ജിതിൻരാജ് തന്റെ യൂട്യൂബ് ചാനലിൽതന്നെ കരിയർ കണ്ടെത്തുകയായിരുന്നു.

'സാധാരണക്കാരൻ സയൻസ് വീഡിയോ കാണുന്നത് സയന്റിസ്റ്റ് ആകാനല്ല'

ജിതിൻ രാജിന്റെ വീഡിയോകളുടെ പ്രധാനവിജയം അദ്ദേഹത്തിന്റെ അവതരണ ശൈലിയാണ്. 'സാധാരണക്കാരൻ സയന്റിസ്റ്റാകാനല്ല സയൻസ് വീഡിയോകൾ കാണുന്നത്' ജിതിൻ രാജ് എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്ന കാര്യമാണിത്. ആ തിരിച്ചറിവാണ് വലിയ ശാസ്‌ത്രീയ പദങ്ങൾ ഒഴിവാക്കി, സാധാരണ ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ വിഷയം അവതരിപ്പിക്കാൻ ജിതിൻരാജിനെ സഹായിക്കുന്നത്. വീഡിയോയ്‌ക്കായി ഉപയോഗിക്കുന്ന ദൃശ്യങ്ങളിൽ പോലും അതേ ലാളിത്യം നിലനിർത്താറുണ്ട്.


അറിവിനായുള്ള അന്വേഷണവും ജിതിൻരാജിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു ശക്തിയായിരുന്നു. ചെറുപ്പം മുതൽതന്നെ സയൻസുമായി ബന്ധപ്പെട്ട ആനുകാലികങ്ങൾ വായിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരു വിഷയം തിരഞ്ഞെടുക്കുമ്പോൾ അതേക്കുറിച്ച് ആഴത്തിൽ പഠിക്കും. പുസ്‌തകങ്ങൾ, ഗവേഷണ ലേഖനങ്ങൾ, വീഡിയോകൾ തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിക്കും. തന്റെ സോഷ്യൽ മീഡിയയുടെ അൽഗോരിതം പോലും ശാസ്‌ത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നവിധത്തിൽ രൂപപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ജിതിൻ രാജ്. വിശ്വാസ്യതയാണ് അദ്ദേഹത്തിന്റെ വീഡിയോകളുടെ ഏറ്റവും വലിയ അടിത്തറ. ഓരോ വീഡിയോയ്‌ക്ക് ശേഷവും അതിനായി ഉപയോഗിച്ച സോഴ്‌സുകളുടെ വിവരങ്ങൾ തന്റെ ബ്ലോഗിലൂടെ പ്രേക്ഷകരുമായി പങ്കുവയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തന്റെ മാത്രം അദ്ധ്വാനത്തിൽ ഉയർന്ന് വന്ന യൂട്യൂബ് ചാനലിൽ നിന്നും ഇന്ന് നിരവധിപേർ ജോലിചെയ്യുന്ന പങ്കാളിത്തസ്ഥാപനമെന്ന നിലയിലേക്ക് അത് വളർന്നു. ഒന്നിലധികം യൂട്യൂബ് ചാനലുകളിലൂടെ വരുമാനം നേടാൻ ജിതിൻ രാജിന് കഴിയുന്നുണ്ട്. സയൻസിന് പുറമെ ബിസിനസ്, പേർസണൽ ഗ്രോത്ത് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും ജിതിൻരാജ് വീഡിയോകൾ ചെയ്യുന്നുണ്ട്. ആറ് ലക്ഷത്തിന് മുകളിൽ സബ്‌സ്ക്രൈബേഴ്സ് ഇന്ന് ജിതിൻരാജിന്റെ യൂട്യൂബ് ചാനലുകൾക്കുണ്ട്. വലിയ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് പരാജയങ്ങളിൽ പതറിവീഴാതെ സ്ഥിരതയോടെ പ്രയത്നിക്കാനുള്ള മനസാണ് വേണ്ടതെന്ന് ജിതിൻ രാജിന്റെ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: YOUTUBE, SCIENCE, SPACE SCIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA