SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.24 AM IST

'ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.'; ഫർണിച്ചർ വിവാദത്തിൽ മറുപടിയുമായി മുഹമ്മദ് റിയാസ്

rias-fb-post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്ക് വിവാഹ ശേഷം ഫർണിച്ചർ വാങ്ങി നൽകിയത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയാണെന്ന് ആരോപണത്തിന് മറുപടിയുമായി വീണയുടെ ഭർത്താവും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ കുറിച്ച പോസ്‌റ്റിലാണ് പ്രതിപക്ഷ വാദത്തെ എതിർത്ത് റിയാസ് മറുപടി നൽകുന്നത്. ആരോപണം അസംബന്ധമാണ്. ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടാനും റിയാസ് ആവശ്യപ്പെട്ടു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.

അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .?

ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.

ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്. ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.? വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ ...? ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ, ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ? ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം. മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത് തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്. -പി എ മുഹമ്മദ് റിയാസ് -

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIAS, RIYAS AND VEENA, CM PINARAYI, FURNITURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA