SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.58 PM IST

നിരവധി മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമയ്‌ക്കുന്നത് തോന്നിവാസം; പ്രതികരണവുമായി സന്ദീപ് വാര്യർ

sandeep-varrier

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

കർണാടക മന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുന്ന സന്ദീപ് വാര്യരുടെയും ഷാജ് കിരണിന്റെയും ചിത്രമാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

കർണാടക മന്ത്രി വി സുനിൽകുമാറിന്റെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ, യാദൃശ്ചികമായിട്ടാണ് മന്ത്രിയുടെ വീട്ടിലേക്ക് പോയതെന്ന് കുറിപ്പിൽ പറയുന്നു. രജിത്തിന്റെ കൂടെയാണ് മാദ്ധ്യമപ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാജ് കിരൺ വന്നത്. നാല് മാസം മുമ്പ് തന്നെ ഷാജ് കിരൺ തട്ടിപ്പുകാരനാണെന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയിരുന്നെന്നും സന്ദീപ് വാര്യർ കുറിപ്പിൽ വ്യക്തമാക്കി. മെയിലിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരൺ എന്ന മാദ്ധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു. ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും?

എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരൺ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയത് സ്‌ക്രീൻ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയിൽ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ് കിരൺ അന്നേ അകത്തായേനെ . ഷാജ് കിരൺ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളിൽ പോലും പറഞ്ഞിട്ടുമില്ല'.- അദ്ദേഹം കുറിച്ചു.

നിരവധി മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും തന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമയ്‌ക്കുന്നത് തോന്നിവാസമാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAJ KIRAN, SANDEEP G VARRIER, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA