പാലക്കാട്: വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതവും വേഗമേറിയതുമാക്കാൻ പുത്തൻ പദ്ധതിയുമായി ദക്ഷിണ റെയിൽവെ. ഇതിനായി 150 കിലോമീറ്റർ ദൂരത്തിൽ ട്രാക്കിന് ഇരുവശവും സുരക്ഷാ വേലി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മുതൽ കാസർകോട് ജില്ലയിലെ ബേക്കൽ ഫോർട്ട് സെക്ഷൻ, കൊയിലാണ്ടി-തലശേരി സെക്ഷൻ എന്നിവിടങ്ങളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. ഇതോടെ രണ്ട് മേഖലകളിലൂടെയുമുള്ള ട്രെയിൻ യാത്ര അതിവേഗത്തിലാകും.
റെയിൽവേ ട്രാക്കുകൾക്കും അവയോട് ചേർന്നുള്ള പ്രദേശങ്ങൾക്കും ഇടയിൽ ഒരു വേലി ഒരുക്കുന്നതിലൂടെ ട്രെയിൻ യാത്രകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. ദക്ഷിണ റെയിൽവെ പുറത്തിറക്കിയ ടെൻഡറിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതിനാൽ കൊയിലാണ്ടി-തലശ്ശേരി പാതയിലെ ഈ പ്രവൃത്തികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
പഴയങ്ങാടി- ബേക്കൽ കോട്ട സെക്ഷനിൽ 70 കിലോ മീറ്റർ സുരക്ഷാ വേലിയാണ് ആദ്യം പണിത് തുടങ്ങുക. ഇവിടെ 7.4 കിലോ മീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കാൻ പദ്ധതിയുണ്ട്. 45.63 കോടിയോളം രൂപ ഇതിനായി ചെലവുവരുമെന്ന് ദക്ഷിണ റെയിൽവയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 12 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവെ.
രണ്ടാമത്തെ പദ്ധതിയിലാണ് കൊയിലാണ്ടി-തലശേരി ഭാഗം ഉൾപ്പെടുന്നത്. ഇവിടെ 80 കിലോ മീറ്റർ നീളത്തിൽ സുരക്ഷാവേലിയും 0.7 കിലോ മീറ്റർ അതിർത്തി മതിലും നിർമ്മിക്കും. ഈ ജോലികളും 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ദക്ഷിണ റെയിൽവെ പദ്ധതിയിടുന്നത്. ഇതിനായി 42.01 കോടിയുടെ ടെൻഡറാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാവേലിയിൽ W- ബീം സ്റ്റീൽ ബാരിയറുകൾ ഉപയോഗിക്കും. അതിർത്തി ഭിത്തികളിൽ പ്രീസ്‌ട്രെസ്ഡ് പ്രീകാസ്റ്റ് പാനലുകളും പ്രീകാസ്റ്റ് തൂണുകളും ഉൾപ്പെടുത്തും.
റെയിൽവെ ട്രാക്കിനെ ഭൗതികമായി ഇത്തരത്തിൽ വേർതിരിക്കുന്നത് മൂലം ആളുകൾക്കോ മൃഗങ്ങളോ മറ്റ് തടസ്സങ്ങളോ ട്രാക്കിലേക്ക് കടന്നുവരാൻ കഴിയില്ല. പാലക്കാട് ഡിവിഷനിലെ രണ്ട് പാതകളിൽ സുരക്ഷിതവും വേഗതയേറിയതുമായ സർവീസുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഏറെ അനുഗ്രഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |