
തിരുവനന്തപുരം:വൈവിദ്ധ്യമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്താൻ, പോഷകഉദ്യാനം സ്കൂളുകളിൽ നിർബന്ധമാക്കി സംസ്ഥാനസർക്കാർ.
ഉച്ചഭക്ഷണപദ്ധതിയുളള സ്കൂളുകളിലെല്ലാം ഉദ്യാനമുണ്ടായിരിക്കണം. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണിത്. പദ്ധതി വ്യാപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിൻറെ മാർഗ്ഗനിർദ്ദേശങ്ങളായി.
കൃഷി-വിദ്യാഭ്യാസവകുപ്പുകളുടെ യോഗത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും സി.എസ്.ആർഫണ്ടുകളും ഉപയോഗിച്ച് പണിയായുധങ്ങൾ വാങ്ങാം.
ഇലക്കറികൾ, പഴം-പയർവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, തക്കാളി, വെണ്ട, കത്തിരി, മുളക് തുടങ്ങിയവ കൃഷി ചെയ്യാം.
സ്ഥലപരിമിതിയുണ്ടെങ്കിൽ ഗ്രോബാഗുകൾ,
എച്ച്.ഡി.പി.ഇ.ചട്ടികൾ, മൺചട്ടികൾ എന്നിവ ഉപയോഗിക്കാം. ശാസ്ത്രീയ-ജൈവരീതിയിലായിരിക്കണം കൃഷി.
കണികാജലസേചനം, കൃത്രിമകൃഷി, മഴമറ, സ്ഥിരംപന്തൽ തുടങ്ങിയ ചെലവ് കുറഞ്ഞ നൂതനരീതികളാകാം. വിളവെടുക്കുമ്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. വിവിധഘട്ടങ്ങളുടെ ഫോട്ടോയും വീഡിയോയും സൂക്ഷിക്കണം. പ്രാദേശികമായ വിളസംരക്ഷണത്തിനാകണം മുൻഗണന.
ഫെറോമോൺ കെണികളടക്കം സംയോജിതകീടനിയന്ത്രണം ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് എന്നിവയിലൂടെയാകണം മാലിന്യസംസ്കരണം. കുട്ടികളുടെ പങ്കാളിത്തമുണ്ടാകണം. പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശമുണ്ട്.
മികവോടെ നടപ്പാക്കുന്ന സ്കൂളുകൾക്ക് ഉപജില്ല-ജില്ലാ-സംസ്ഥാനതല സമ്മാനങ്ങളുണ്ടാകും. പദ്ധതി നിലവിലുള്ള സ്കൂളുകൾ മെച്ചപ്പെടുത്തണം. ഫണ്ടില്ലാത്തതും കൃഷിഭവനിലൂടെ വിത്തുകളും ചെടികളും ലഭിക്കാത്തതുമാണ് നിലവിലെ തടസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |